Thursday, August 13, 2026
No menu items!
Homeവാർത്തകൾചർച്ചക്ക് ഒരുക്കമെന്ന് അമിത് ഷാ; ചർച്ചയല്ല ഉത്തരമാണ് വേണ്ടതെന്ന് രാഹുൽഗാന്ധി

ചർച്ചക്ക് ഒരുക്കമെന്ന് അമിത് ഷാ; ചർച്ചയല്ല ഉത്തരമാണ് വേണ്ടതെന്ന് രാഹുൽഗാന്ധി

ന്യൂഡൽഹി: വിദ്യാർഥികൾക്ക് നേരെ ഡൽഹി പൊലീസിന്റെ അതിക്രമം നടന്നശേഷം പാർലമെന്റിന്റെ ഇരുസഭകളിലും വരാത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ‘വിദ്യാർഥി മാർച്ച്’ ചർച്ച ചെയ്യാനായി സഭയിൽ വരാൻ തയാറാണെന്ന് സ്പീക്കർ ഓം ബിർളക്ക് കത്ത് നൽകി. രണ്ട് വാർത്ത ഏജൻസികളെ പ്രത്യേകം വിളിച്ച് അമിത് ഷാ മുന്നോട്ടുവെച്ച ചർച്ച നിർദേശം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തള്ളിക്കളഞ്ഞു.

വിദ്യാർഥികളുടെ നീറ്റ് സമരവുമായി ബന്ധപ്പെട്ട് എല്ലാ തരത്തിലുള്ള ചർച്ചക്കും തയാറാണെന്നും ചർച്ചക്ക് സമയം നിശ്ചയിച്ച് പ്രതിപക്ഷം തയാറായിരുന്നോളൂ എന്നും അമിത് ഷാ പറഞ്ഞു. ഏത് തരത്തിലുള്ള ചോദ്യത്തിനും സഭയിൽ മറുപടി നൽകാൻ തയാറാണ്. ബുധനാഴ്ച മൂന്ന് മണി തൊട്ട് വ്യാഴാഴ്ച മൂന്ന് മണി വരെ ചർച്ച നടത്തിയാൽ മൂന്ന് മണിക്ക് എല്ലാത്തിനും മറുപടി നൽകാൻ തയാറാണ്. ബുധനാഴ്ച അർധരാത്രി വരെ ഇരിക്കാനും സ്പീക്കർ അനുമതി തന്നാൽ ചർച്ചക്കായി ചോദ്യോത്തര വേള സസ്പെൻഡ് ചെയ്യാനും തയാറാണ്. അതിന് പക്ഷേ, സഭ നടത്താൻ അനുവദിക്കണം. ചർച്ച വേണോ ബഹളം വേണോ എന്ന് പ്രതിപക്ഷത്തിന് തീരുമാനിക്കാമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. വർഷകാല സമ്മേളനം തുടങ്ങിയ അന്നുതൊട്ട് പാർലമെന്റ് മന്ദിരത്തിൽ വരുന്നുണ്ട്. ഇരുസഭകളും നടത്താൻ പ്രതിപക്ഷം അനുവദിക്കാത്തതുകൊണ്ടാണ് വന്നിട്ട് എന്റെ മുറിയിൽ ഇരിക്കുന്നത്.

ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായ അമിത് ഷാക്ക് ധൈര്യമില്ലെന്നും അതുകൊണ്ടാണയാൾ സഭയിൽ വരാത്തതെന്നും അമിത് ഷായുടെ ഗ്യാസ് പോയിരിക്കുന്നുവെന്നും വീണ്ടും ഗ്യാസ് കയറ്റാനുള്ള ശ്രമവും പൊളിഞ്ഞുവെന്നും രാഹുൽ പ്രതികരിച്ചു. ധൈര്യമില്ലാത്ത അമിത് ഷാ ചുറ്റിലും 30 കാറുകളുമായിട്ടാണ് വരുന്നത്. 20 ദിവസമായി അയാൾ പാർലമെന്റ് മന്ദിരത്തിൽ വരുന്നുണ്ട്. എന്നിട്ട് സ്വന്തം മുറിയിലിരിക്കുകയാണ്. അദ്ദേഹത്തിന്റെ വീടിനടുത്ത് ചെന്നാൽ ആയിരം പൊലീസുകാരവിടെയുണ്ട്. പ്രതിപക്ഷത്തിനും രാജ്യത്തെ വിദ്യാർഥികൾക്കും അമിത് ഷായുടെ ചർച്ചയും പ്രസംഗവും സാങ്കൽപിക കഥകളുമൊന്നും കേൾക്കേണ്ട കാര്യമില്ലെന്ന് രാഹുൽ പറഞ്ഞു. രാജ്യത്തെ യുവതലമുറക്ക് ഒരു കാര്യം മാത്രമേ അറിയേണ്ടൂ. വിദ്യാർഥികളെ ഷൂട്ട് ചെയ്തതാരാണ്? അതിനുള്ള ഉത്തരവ് നൽകിയതാരാണ്? വിദ്യാർഥിയെ അന്ധനാക്കിയതാരാണ്? ആണിയടിച്ചുകയറ്റിയ ലാത്തി കൊണ്ട് വിദ്യാർഥികളെ അടിക്കാൻ ഉത്തരവിട്ടത് ആരാണ്? വിദ്യാർഥികളെ വെടിവെക്കാൻ അമിത് ഷാ ഉത്തരവ് നൽകിയിട്ടുണ്ടെങ്കിൽ ആ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് അദ്ദേഹം രാജിവെക്കണം. ഉത്തരവിട്ടിട്ടില്ലെങ്കിലും അദ്ദേഹം രാജിവെക്കണം. കാരണം, ആഭ്യന്തര മന്ത്രിയാകാൻ അയാൾ പ്രാപ്തനല്ല. അമിത് ഷാ ഇത് പറയുമ്പോൾ അതിൽ ഇടപെട്ടു ചോദ്യം ചോദിക്കാത്തത് എന്തുകൊണ്ടാണെന്ന് രാഹുൽ മാധ്യമപ്രവർത്തകരോട് ചോദിച്ചു. 24 മണിക്കൂറും തന്നോട് ചോദ്യം ചോദിക്കുന്ന നിങ്ങൾ അമിത് ഷായോട് ഒന്നും ചോദിക്കാത്തതെന്താണ്? മാധ്യമങ്ങൾ ഒന്നടങ്കം മിണ്ടാതെ എലികളെപ്പോലെ അയാൾക്ക് മുന്നിൽ നിൽക്കുന്നതെന്തിനാണ്? രാജ്യത്തെ വിദ്യാർഥികൾക്ക് അമിത് ഷായെ പേടിയില്ല. മാധ്യമങ്ങളും അമിത് ഷായെ പേടിക്കരുതായിരുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments