മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് എയിൽനിന്ന് മെക്സിക്കോയും ദക്ഷിണാഫ്രിക്കയും റൗണ്ട് 32ലേക്ക് യോഗ്യത നേടി. ചെക്കിയയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി, ഗ്രൂപ്പ് ജേതാക്കളായാണ് ആതിഥേയരായ മെക്സിക്കോയുടെ വരവ്. 55-ആം മിനിട്ടിൽ മാറ്റേ ഷാവേസും 61-ആം മിനിട്ടിൽ ജൂലിയൻ ക്വിനോൻസുമാണ് മെക്സിക്കോയ്ക്കുവേണ്ടി സ്കോർ ചെയ്തത്.
അതേസമയം ഏഷ്യൻ കരുത്തരായ ദക്ഷിണകൊറിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചാണ് ദക്ഷിണാഫ്രിക്ക അടുത്ത റൗണ്ട് ഉറപ്പാക്കിയത്. 63-ആം മിനിട്ടിൽ തപേലോ മസേക്കോയാണ് ദക്ഷിണാഫ്രിക്കയുടെ വിജയഗോൾ നേടിയത്. മെക്സിക്കോയ്ക്ക് 9 പോയിന്റും ദക്ഷിണാഫ്രിക്കയ്ക്ക് 5 പോയിന്റുമാണുള്ളത്. മൂന്ന് പോയിന്റുള്ള ദക്ഷിണകൊറിയ അടുത്ത ഘട്ടത്തിലേക്ക് കടക്കണമെങ്കിൽ മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ഇടംനേടണം. അതിന് ഗ്രൂപ്പ് ഘട്ടമത്സരങ്ങൾ പൂർത്തിയാകുന്നതുവരെ കാത്തിരിക്കണം.
ആർത്തലച്ച് മെക്സിക്കൻ തിരമാലകൾഗ്യാലറികളെ ആവേശംകൊള്ളിച്ച മത്സരത്തിൽ മെക്സിക്കോയുടെ സമ്പൂർണ ആധിപത്യമാണ് ചെക്കിയയ്ക്കെതിരെ കാണാനായത്. ആദ്യപകുതി ഗോൾരഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയിൽ ചെക്കിയയുടെ പ്രതിരോധം ഭേദിക്കാൻ മെക്സിക്കോയ്ക്ക് സാധിച്ചു. ആദ്യപകുതിയിൽ പ്രതിരോധ പൂട്ടുമായി ചെക്ക് പട മെക്സിക്കൻ ആക്രമണങ്ങളെ ഒരുപരിധിവരെ ചെറുത്തുനിന്നു. മെക്സിക്കോയുടെ റോബർട്ടോ അൽവാരഡോയും ജൂലിയൻ ക്വിനോൺസും നിരവധി തവണ ഗോളിന് അടുത്തെത്തി. എന്നാൽ ചെക്ക് ഡിഫെൻഡർമാരായ ഹ്രാനാക്കും ക്രെജ്ചിയും ആദ്യപകുതിയിൽ ചെറുത്തുനിന്നു. എന്നാൽ 55-ആം മിനിട്ടിൽ ലൂയിസ് റോമോയുടെ പാസിൽനിന്നാണ് മാറ്റേ ഷാവേസ് മെക്സിക്കോയെ മുന്നിലെത്തിച്ചത്. നിരന്തരം നടത്തിയ മുന്നേറ്റങ്ങൾക്കൊടുവിലാണ് ഗോൾ പിറന്നത്. എന്നാൽ ഒരു ഗോൾകൊണ്ട് തൃപ്തിപ്പെടാൻ ആതിഥേയർ തയ്യാറായിരുന്നില്ല. ലീഡ് ഉയർത്താനുള്ള അവരുടെ ശ്രമം വൈകാതെ ഫലം കണ്ടു. 61-ആം മിനിട്ടിൽ ജൂലിയൻ ക്വിനോൻസിലൂടെ അവർ ലീഡ് രണ്ടാക്കി ഉയർത്തി. പെനാൽറ്റി ഏരിയയിൽവെച്ച് ജോർജ് സാഞ്ചസ് ഗോൾനേടാൻ നടത്തിയ ശ്രമം വിഫലമായതോടെയാണ് ക്വിനോൻസിന് ഗോൾ നേടാനുള്ള അവസരം ലഭിച്ചത്. അത് പിഴവ് കൂടാതെ അദ്ദേഹം ലക്ഷ്യത്തിലെത്തിച്ചു. ഗോൾ മടക്കാൻ ചെക്കിയ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ലക്ഷ്യം അകലെയായിരുന്നു. മെക്സിക്കൻ സൂപ്പർതാരം ഗില്ലർമെ ഒച്ചാവോ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയതോടെ മെസിക്കും റൊണാൾഡോയ്ക്കുമൊപ്പം ആറാം ലോകകപ്പ് കളിച്ച താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി

