തിരുവനന്തപുരം: ഗാർഹിക പീഡനം തടയാനും അതിജീവിതകള്‍ക്ക് സുരക്ഷയും പിന്തുണയും ഉറപ്പാക്കാനും കേരള പൊലീസ് ‘സ്പീക്ക് അപ്പ്’ എന്ന പ്രത്യേക ദൗത്യസേന ആരംഭിച്ചു ക്രൈംബ്രാഞ്ച് ഐ.ജി അജിത ബീഗത്തിനാണ് ചുമതല.’സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ്’ എന്ന സന്ദേശമാണ് സ്പീക്ക് അപ്പിലൂടെ നല്‍കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീകളെ മാനസികമായും ശാരീരികമായും തകർക്കുന്ന നിശബ്ദ കൊലയാളിയാണ് ഗാർഹിക അതിക്രമങ്ങള്‍. സാമ്പത്തികമോ കുടുംബപരമോ ആയ ഭയം മൂലം ഒരു സ്ത്രീക്കും നീതി നിഷേധിക്കപ്പെടാത്തവിധം ശക്തമായ ഇടപെടലാകും പൊലീസ് നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഭയം കാരണം പരാതി പറയാതെ മൗനം പാലിക്കുന്നവരുമുണ്ട്. അത്തരം അവസ്ഥകള്‍ ആവർത്തിക്കാതിരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരാതി എങ്ങനെ നല്‍കണം, ലഭ്യമായ നിയമസഹായം എന്തൊക്കെ, തുടർനടപടികള്‍ എങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍ സ്പീക്ക് അപ്പ് സഹായം നല്‍കും. ഒരു സഹോദരിയോടോ സുഹൃത്തിനോടോ സംസാരിക്കുന്നതുപോലെ സുരക്ഷിതമായി പരാതികള്‍ പങ്കുവെക്കാനുള്ള സാഹചര്യമാണ് സ്പീക്കപ്പിലുണ്ടാവുക.പരമ്പരാഗത പൊലീസ് നടപടികളില്‍നിന്ന് മാറി, അതിജീവിതകളുടെ സ്വകാര്യതക്ക് പൂർണ മുൻഗണന നല്‍കും. വിവരം ലഭിച്ചാല്‍ ഔദ്യോഗിക വേഷത്തിലല്ലാതെ പൊലീസ് ഉദ്യോഗസ്ഥർ അതിജീവിതകളുമായി ബന്ധപ്പെടും. ഓരോ കേസിനും പ്രത്യേകമായി നിയോഗിക്കുന്ന ഓഫിസർമാർ കേസിന്റെ പുരോഗതി, കൗണ്‍സലിങ്, ഉപജീവന പിന്തുണ തുടങ്ങിയ കാര്യങ്ങള്‍ ആഴ്ചയിലൊരിക്കല്‍ വ്യക്തിപരമായി വിലയിരുത്തും.ഡിജിറ്റല്‍ ഹെല്പ്പ്ലൈൻ, വാട്സ്ആപ്, പ്രത്യേക മൊബൈല്‍ ആപ് എന്നിവ വഴി പരാതികള്‍ വേഗത്തില്‍ രജിസ്റ്റർ ചെയ്യാനും സമയബന്ധിതമായി സഹായം ലഭ്യമാക്കാനും പ്രധാന കമാൻഡ് സെന്റർ സജ്ജമാക്കും. പോക്സോ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് സമാനമായി അതിജീവിതകളുടെ വ്യക്തിവിവരങ്ങള്‍ പൂർണമായും രഹസ്യമായി സൂക്ഷിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശിക തലത്തില്‍ ഷെല്‍ട്ടർ ഹോമുകളും തൊഴില്‍ പരിശീലന കേന്ദ്രങ്ങളും ഒരുക്കാനും പദ്ധതിയുണ്ട്.

