Tuesday, November 10, 2026
No menu items!
Homeവാർത്തകൾകെട്ടിക്കിടക്കുന്ന സർക്കാർ ഫയലുകളിലെ തീരുമാനം വേഗത്തിലാക്കാൻ എം ഐ സംവിധാനം

കെട്ടിക്കിടക്കുന്ന സർക്കാർ ഫയലുകളിലെ തീരുമാനം വേഗത്തിലാക്കാൻ എം ഐ സംവിധാനം

തിരുവനന്തപുരം: ജനങ്ങളുടെ പരാതികൾക്ക് വേഗത്തിലും ഫലപ്രദമായും പരിഹാരം കാണാൻ ‘ജനസ്പർശം’ ഫയൽ അദാലത്ത് കാര്യക്ഷമമാക്കാൻ എ.ഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. മുഖ്യമന്ത്രി വിളിച്ച വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. കെട്ടിക്കിടക്കുന്ന ഫയലുകളിലെ തീരുമാനം വേഗത്തിലാക്കാനും സമാന സ്വഭാവമുള്ള പരാതികൾ ക്രോഡീകരിക്കാനും നിർമിത ബുദ്ധി സംവിധാനം ഉപകാരപ്പെടുമെന്നാണ് വിലയിരുത്തൽ. ഓരോ പരാതിയും ഏത് വകുപ്പിലേക്കാണ് പോകേണ്ടതെന്നും ഏത് ഉദ്യോഗസ്ഥനാണ് നടപടിയെടുക്കേണ്ടതെന്നും എ.ഐ സഹായത്തോടെ വേഗത്തിൽ കണ്ടെത്താൻ കഴിയും. ഇത് ഫയൽ നീക്കം വേഗത്തിലാക്കാനും ഉദ്യോഗസ്ഥർക്കിടയിലെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും അനാവശ്യ കാലതാമസം തടയാനും സഹായിക്കും. സമാനമായ വിഷയങ്ങളിൽ മുൻകാലങ്ങളിലെടുത്ത തീരുമാനങ്ങളും നിയമോപദേശങ്ങളും എ.ഐ സംവിധാനം നിമിഷനേരംകൊണ്ട് ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കും. കൂടാതെ, ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്ന ഫയലുകൾ കണ്ടെത്താനും നിശ്ചിത സമയത്തിനകം തീർപ്പാക്കാത്തവ സംബന്ധിച്ച മുന്നറിയിപ്പുകൾ (അലർട്ടുകൾ) മേലധികാരികൾക്ക് നൽകാനും സാധിക്കും. സ്വന്തം നിലക്ക് തീരുമാനമെടുക്കുന്നതിന് പകരം, വിവരങ്ങൾ വേഗത്തിൽ ക്രോഡീകരിച്ച് നൽകി ഉദ്യോഗസ്ഥരെ തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന സംവിധാനമായി (ഡിസിഷൻ സപ്പോർട്ട് ടൂൾ) ആയാണ് എ.ഐ പ്രവർത്തിക്കുക. സെക്രട്ടേറിയറ്റിലും മറ്റു സർക്കാർ ഓഫിസുകളിലും മാസങ്ങളോളം ഫയലുകൾ കെട്ടിക്കിടക്കുന്ന പരമ്പരാഗത രീതിക്ക് പരിഹാരം കാണാൻ ഇത് പ്രയോജനപ്പെടും. ഐ.ടി മിഷന്റെയും മറ്റു സാങ്കേതിക സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇതിന് പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്ന വിവിധ പദ്ധതികൾ പരമാവധി സംസ്ഥാനത്തിന് പ്രയോജനപ്പെടുത്താനും നിലവിലെ പദ്ധതികളുടെ പുരോഗതി വിലയിരുത്തി നടത്തിപ്പ് കൂടുതൽ വേഗത്തിലാക്കാനും യോഗത്തിൽ മുഖ്യമന്ത്രി വകുപ്പുകൾക്ക് നിർദേശം നൽകി. വകുപ്പ് സെക്രട്ടറിമാരുടെ ജോലിഭാരം കുറയ്ക്കാനും ഫയൽ കൈകാര്യം ചെയ്യൽ കൂടുതൽ കാര്യക്ഷമമാക്കാനും ഫയലുകൾ ക്രമീകരിക്കും. ഇതിന്റെ ഭാഗമായി വകുപ്പ് സെക്രട്ടറിമാരുടെ യോഗം എല്ലാ മാസവും ചേരും. മുഖ്യമന്ത്രിയുടെ ഫ്ലാഗ്ഷിപ്പ് പദ്ധതികൾ വേഗത്തിലാക്കാനും പുരോഗതി വിലയിരുത്താനും സെക്രട്ടറിമാർക്ക് നിർദേശം നൽകി. വിവിധ വകുപ്പുകളിലെ ഫയലുകളുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ പ്രത്യേക ശ്രദ്ധയും ഇടപെടലും വേണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments