Monday, April 20, 2026
No menu items!
Homeവാർത്തകൾകനത്ത ചൂട് തുടരുന്നു. പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് മുതൽ അടച്ചിടാൻ കളക്ടർ...

കനത്ത ചൂട് തുടരുന്നു. പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് മുതൽ അടച്ചിടാൻ കളക്ടർ ഉത്തരവിട്ടു

പാലക്കാട്: കനത്ത ചൂട് കാരണം പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏപ്രിൽ 20 മുതൽ അടച്ചിടാൻ ഉത്തരവിട്ടു. ഞായറാഴ്‌ച താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നതോടെ, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ഫിസിക്കൽ ക്ലാസുകൾ നിർത്തിവെച്ച് ഓൺലൈൻ പഠനത്തിലേക്ക് മാറാൻ ജില്ലാ കളക്‌ടർ നിർദ്ദേശം നൽക്കുകയായിരുന്നു.
ഈ ഉത്തരവ് സ്‌കൂളുകൾ, പ്രൊഫഷണൽ, സാങ്കേതിക കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ പാലക്കാട്ടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണ്. സ്ഥാപന മേധാവികൾ 24 മണിക്കൂറിനുള്ളിൽ നേരിട്ടുള്ള ക്ലാസുകൾ നിർത്തി ഓൺലൈൻ സംവിധാനത്തിലേക്ക് മാറണം. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി പരീക്ഷകളും മറ്റ് അക്കാദമിക് ജോലികളും തുടരാമെന്നും എഴുതിയ ഉത്തരവിൽ പറയുന്നു.
തുടർച്ചയായ രണ്ട് ദിവസങ്ങളിൽ താപനില 37 ഡിഗ്രി സെൽഷ്യസിൽ താഴെ രേഖപ്പെടുത്തിയാൽ മാത്രമേ നിയന്ത്രണങ്ങൾ പിൻവലിക്കുകയുള്ളൂ. ഇത് സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിനുള്ള വ്യക്തമായ സൂചന നൽകാനും, നിശ്ചിത കലണ്ടർ തീയതികൾക്ക് പകരം ദൈനംദിന കാലാവസ്ഥാ വിവരങ്ങളുമായി സ്‌കൂൾ പ്രവർത്തനങ്ങളെ ബന്ധിപ്പിക്കാനും ലക്ഷ്യമിടുന്നതാണ്.

ഗൂഗിൾ ക്ലാസ് റൂം, മൈക്രോസോഫ്റ്റ് ടീംസ്, സൂം തുടങ്ങിയ യൂണിവേഴ്‌സിറ്റി/ ബോർഡുകൾ അംഗീകരിച്ച പ്ലാറ്റ്‌ഫോമുകളിലൂടെ ക്ലാസുകൾ ,പരീക്ഷകൾ ഉൾപ്പെടെയുള്ള അക്കാദമിക്ക് പ്രവർത്തനങ്ങൾ നടത്താവുന്നതാണ്. ഓൺലൈൻ ഉപാധികളിലൂടെ മാത്രം ക്ലാസുകളുടെ തുടർച്ചയും
ഹാജർ നിലയും നിലനിർത്തണം.

അതു വഴി ഒരു വിദ്യാർത്ഥിക്കും അക്കാദമിക്ക് തലത്തിൽ നഷ്‌ടങ്ങൾ ഉണ്ടാകരുതെന്നും ഉത്തരവിൽ പറയുന്നു. ഇതിനകം നിശ്ചയിച്ച പരീക്ഷകളും പ്രാക്‌ടിക്കൽ ക്ലാസുകളും മിതമായ താപനിലയിൽ,
കുടിവെള്ളം, ഒആർഎസ ലായനി എന്നിവ ഉറപ്പാക്കി കൊണ്ട് നടത്താവുന്നതാണെന്നും കളക്‌ടർ പുറത്തുവിട്ട ഉത്തരവിൽ പറയുന്നു.

അതേസമയം, പാലക്കാട് ഇപ്പോൾ 40.1 ഡിഗ്രി സെൽഷ്യസ് ആണ് ഉയർന്ന താപനിലയായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഫീൽഡ് താപനില അഥവാ അനുഭവവേദ്യമാകുന്ന ചൂട് 45°C വരെ എത്താമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. 7-ൽ നിൽക്കുന്ന അൾട്രാവയലറ്റ് സൂചികയാവട്ടെ സൂര്യാഘാതം, നിർജ്ജലീകരണം, കൂടാതെ ക്ലാസ് മുറികളിലെ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകാം.

പല ക്ലാസ് മുറികളിലെയും മോശം വായുസഞ്ചാരം ഒരു അധിക ആശങ്കയായി കളക്‌ടർ ചൂണ്ടിക്കാട്ടി. ആളുകൾ തിങ്ങിനിറഞ്ഞ മുറികൾ, അടഞ്ഞ ജനലുകൾ, ടിൻ ഷീറ്റുകൾ ഇട്ട മേൽക്കൂരകൾ എന്നിവ ചൂട് വർധിപ്പിക്കാൻ സാധ്യതയുണ്ട്. പകൽ സമയത്തെ കൂടിയ ചൂടിൽ കുട്ടികളെയും അധ്യാപകരെയും മറ്റ് ജീവനക്കാരെയും സംരക്ഷിക്കുന്നതിനുള്ള ഒരു മുൻകരുതൽ നടപടിയായാണ് നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

അതിനിടെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും ഉയർന്ന താപനിലയ്ക്ക് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പല ജില്ലകളിലും സാധാരണയെക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. ഈ മുന്നറിയിപ്പ് സംസ്ഥാനത്തെ തീരദേശ, ഉൾനാടൻ പ്രദേശങ്ങളെയും ബാധിക്കും.

പാലക്കാട് 40 ഡിഗ്രി സെൽഷ്യസ്, കൊല്ലം 39 ഡിഗ്രി സെൽഷ്യസ്, കോട്ടയം 38 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്ന ഉയർന്ന താപനില. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയർന്നേക്കാം.

ചൂടും ഈർപ്പവും ചേർന്ന കാലാവസ്ഥ കാരണം മിക്ക താഴ്ന്ന പ്രദേശങ്ങളിലും വലിയ അസ്വസ്ഥത അനുഭവപ്പെടുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. മലയോര മേഖലകളിൽ മാത്രമാണ് നേരിയ ആശ്വാസം ലഭിക്കാൻ സാധ്യതയുള്ളത്. നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കാനും ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കാനും ആളുകൾക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments