Sunday, July 12, 2026
No menu items!
Homeവാർത്തകൾഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് നോര്‍വേയെ മറികടന്ന് ഇംഗ്ലണ്ട് സെമിയില്‍ കടന്നു.

ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് നോര്‍വേയെ മറികടന്ന് ഇംഗ്ലണ്ട് സെമിയില്‍ കടന്നു.

മയാമി: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ ആവേശകരമായ മത്സരത്തില്‍ നോര്‍വേയെ മറികടന്ന് ഇംഗ്ലണ്ട് സെമിയില്‍ കടന്നു. ജൂഡ് ബെല്ലിങ്ഹാം ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലീഷ് ടീമിന്റെ ജയം. നോര്‍വേ ഉയര്‍ത്തിയ കടുത്ത പോരാട്ടം അതിജീവിച്ചായിരുന്നു ഇംഗ്ലീഷ് നിര അവസാന നാലിലെത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1 എന്ന നിലയില്‍ സമനിലയായിരുന്നു. എക്‌സ്ട്രാ ടൈമിലാണ് ഇംഗ്ലണ്ട് വിജയഗോള്‍ നേടിയത്

മത്സരത്തിന്റെ ആദ്യം നോര്‍വേയാണ് ലീഡ് നേടിയത്. 36-ാം മിനിറ്റില്‍ ആന്‍ഡ്രിയാസ് ഷെല്‍ഡറപ്പാണ് നോര്‍വേയെ മുന്നിലെത്തിച്ചത്. ഹാരി കെയ്നില്‍ നിന്ന് പന്ത് തട്ടിയെടുത്ത ബെര്‍ഗയുടെ നീക്കമാണ് ഗോളിന് വഴിയൊരുക്കിയത്. പന്ത് ലഭിച്ച മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് അത് ഷെല്‍ഡറപ്പിന് നീട്ടി. ബോക്സിന്റെ ഇടതു ഭാഗത്തുനിന്നുള്ള ഷെല്‍ഡറപ്പിന്റെ ഇടംകാലനടി ഗോളിയേയും മറികടന്ന് ഇംഗ്ലീഷ് വലയില്‍ കയറി.

ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍, 47-ാം മിനിറ്റിലാണ് ഇംഗ്ലണ്ട് സമനില പിടിച്ചത്. ഇടതു വിങ്ങിലൂടെ മുന്നേറിയ ആന്റണി ഗോര്‍ഡന്‍ നല്‍കിയ പാസ് സ്വീകരിച്ച് രണ്ട് നോര്‍വീജിയന്‍ താരങ്ങളെ വെട്ടിച്ച് ബോക്‌സിലെത്തിയ ജൂഡ് ബെല്ലിങ്ഹാമിന്റെ ഇടംകാല്‍ ഷോട്ട് ഗോളിയേയും കടന്ന് വലയിലെത്തി. തൊട്ടു വിന്നാലെ ബെല്ലിങ്ഹാമിന്റെ പാസില്‍ നിന്ന് ഹാരി കെയ്ന്‍ ഗോള്‍ നേടിയെങ്കിലും അത് ഓഫ്‌സൈഡായി.

രണ്ടാം പകുതിയിലും ഇംഗ്ലണ്ട് നിര ആക്രമണം തുടര്‍ന്നു. 55ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് നോര്‍വേ താരം ടോര്‍ബോണ്‍ ഹെഗ്ഗെം വല ചലിപ്പിച്ചെങ്കിലും ഗോള്‍ നിഷേധിച്ചു. കോര്‍ണറിനിടെ സൂപ്പര്‍ താരം എര്‍ലിന്‍ ഹാളണ്ട്, ഇംഗ്ലീഷ് താരം ജോണ്‍ സ്റ്റോണ്‍സിനെ തള്ളിയിട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. റഫറി ക്ലെമന്റ് ടര്‍പിന്‍ മോണിറ്ററില്‍ റീപ്ലേ കണ്ടശേഷമാണ് ഗോള്‍ നിഷേധിച്ചത്. തുടര്‍ന്ന് ഇരുടീമുകളും എതിര്‍ഗോള്‍മുഖത്ത് നിരന്തരം ആക്രമണം നടത്തിയെങ്കിലും ഗോള്‍ നേടാനായില്ല.

നിശ്ചിത സമയത്ത് 1-1 സമനില പാലിച്ചതിനെത്തുടര്‍ന്ന് എക്‌സ്ട്രാ ടൈമിലേക്ക് മത്സരം നീണ്ടു. എക്‌സ്ട്രാ ടൈമിന്റെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് ലീഡ് നേടി. മോര്‍ഗന്‍ റോജേഴ്സിന്റെ ഷോട്ട് നോര്‍വേ ഗോള്‍ കീപ്പര്‍ ഓര്‍ജാന്‍ നൈലാന്‍ഡ് തടുത്തെങ്കിലും റീബൗണ്ടില്‍ ജൂഡ് ബെല്ലിങ്ഹാം അനായാസം വലയിലേക്ക് തട്ടിയിട്ടു (1-2). 99-ാം മിനിറ്റില്‍ സ്പെന്‍സിനെ ഓസ്‌കാര്‍ ബോബ് ബോക്സില്‍ വീഴ്ത്തിയതിന് റഫറി ഇംഗ്ലണ്ടിന് അനുകൂലമായി ആദ്യം പെനാല്‍റ്റി വിധിച്ചെങ്കിലും വാര്‍ പരിശോധനയില്‍ ഫൗളല്ലെന്ന് കണ്ടെത്തിയതിനാല്‍ പെനാല്‍റ്റി നിഷേധിച്ചു. ഇംഗ്ലണ്ട് ലോകകപ്പ് സെമിയിലെത്തുന്നത് നാലാം തവണയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments