Saturday, August 8, 2026
No menu items!
Homeവാർത്തകൾഐ.ടി.ഐ, പോളിടെക്നിക്ക് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നേരിട്ട് പ്രവേശനം നേടാം

ഐ.ടി.ഐ, പോളിടെക്നിക്ക് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നേരിട്ട് പ്രവേശനം നേടാം

തിരുവനന്തപുരം: ഐ.ടി.ഐ, പോളിടെക്നിക്ക് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും കീഴിലുള്ള നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നേരിട്ട് പ്രവേശനം നേടാമെന്ന ഉത്തരവ് വിദ്യാർഥികൾക്ക് ഏറെ ഗുണം ചെയ്യും. ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച സുപ്രധാന ഉത്തരവിലൂടെ വൊക്കേഷനൽ വിദ്യാഭ്യാസത്തിനും പൊതു അക്കാദമിക് കോഴ്സുകൾക്കും ഇടയിലുണ്ടായിരുന്ന ദശകങ്ങൾ നീണ്ട അക്കാദമിക് വേർതിരിവുകൾക്കാണ് പൂട്ടു വീണത്. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡിന്റെയും കേരള സ്റ്റേറ്റ് ഹയർ എജുക്കേഷൻ കൗൺസിലിന്റെയും ശിപാർശകൾ പരിഗണിച്ച്, നാഷനൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് (എൻ.സി.ആർ.എഫ്) ലെവൽ മാനദണ്ഡം അടിസ്ഥാനമാക്കിയാണ് നയം തയാറാക്കിയത്. സ്കൂൾ വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നിവയെ ഒരൊറ്റ ശൃംഖലയിൽ കോർത്തിണക്കുന്ന മെറ്റാ ഫ്രെയിംവർക്കാണിത്. അക്കാദമിക് ലെയറുകളിൽ നിന്ന് വൊക്കേഷനൽ ലെയറുകളിലേക്കും തിരിച്ചും വിദ്യാർഥികൾക്ക് എളുപ്പം മാറാൻ ക്രെഡിറ്റ് ട്രാൻസ്ഫർ മെട്രിക്സുകളിലൂടെ ഇത് വഴിയൊരുക്കുന്നു.

പത്താം ക്ലാസിനുശേഷം വിജയകരമായി ഐ.ടി.ഐ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ബിരുദ ഒന്നാം വർഷത്തിലേക്ക് പ്രവേശനം നേടാം. എൻ.സി.ആർ.എഫ് വ്യവസ്ഥകൾ പ്രകാരമുള്ള 12 ക്രെഡിറ്റ് അടങ്ങുന്ന നിർബന്ധിത അധിക ഭാഷാ ഘടകം അല്ലെങ്കിൽ യു.ജി.സി സമയാസമയങ്ങളിൽ നിശ്ചയിക്കുന്ന തത്തുല്യ ഭാഷാ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കണം. ഇപ്രകാരം ഭാഷായോഗ്യത നേടുന്നതോടെ ഐ.ടി.ഐ പഠിതാക്കളുടെ അക്കാദമിക് തലം ‘എൻ.സി.ആർ.എഫ് ലെവൽ 4.0’ ആയി മാപ്പ് ചെയ്യപ്പെടും, ഇത് പ്ലസ് ടു യോഗ്യതക്ക് തുല്യമാണ്.

പത്താം ക്ലാസിനുശേഷം സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ നൽകുന്ന മൂന്നുവർഷ സാങ്കേതിക ഡിപ്ലോമ പാസായവർക്ക് നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ രണ്ടാം വർഷത്തിലേക്ക് (മൂന്നാം സെമസ്റ്ററിലേക്ക്) ലാറ്ററൽ എൻട്രി വഴി നേരിട്ട് അഡ്മിഷൻ ലഭിക്കും. പ്ലസ് ടുവിനുശേഷം രണ്ടുവർഷ ലാറ്ററൽ എൻട്രി ഡിപ്ലോമ പൂർത്തിയാക്കിയവർക്കും തത്തുല്യ അംഗീകൃത യോഗ്യതയുള്ളവർക്കും ഇതേ രീതിയിൽ ഡിഗ്രി രണ്ടാം വർഷത്തിലേക്ക് പ്രവേശനം നേടാം. പോളിടെക്നിക്ക് ഡിപ്ലോമയെ ‘എൻ.സി.ആർ.എഫ് ലെവൽ 4.5’ ആയാണ് സർക്കാർ അംഗീകരിച്ചത്. അതായത്, ഒരു സാധാരണ ബിരുദത്തിന്റെ ആദ്യ വർഷം വിജയകരമായി പൂർത്തിയാക്കിയതിന് തുല്യമായ അക്കാദമിക് പദവിയാണിത്.

ദശകങ്ങളായി വൊക്കേഷനൽ സ്ട്രീമുകളെയും പൊതു അക്കാദമിക് സ്ട്രീമുകളെയും രണ്ട് വേറിട്ട പഠനമേഖലകളായാണ് പരിഗണിച്ചിരുന്നത്. പത്താം ക്ലാസിനുശേഷം ഐ.ടി.ഐകളിലും പോളിടെക്നിക്കുകളിലും ചേരുന്ന പ്രായോഗിക നൈപുണ്യമുള്ള വിദ്യാർഥികൾക്ക് പിന്നീട് ഒരു ജനറൽ ബിരുദം (ബി.എ, ബി.എസ് സി, ബി.കോം, ബി.ബി.എ) നേടണമെങ്കിൽ വലിയ തടസ്സങ്ങൾ നേരിടേണ്ടി വന്നിരുന്നു. ബിരുദ യോഗ്യത ഇല്ലാത്തതിനാൽ മത്സരപ്പരീക്ഷകളിൽ പങ്കെടുക്കാനും ജോലികളിൽ മാനേജ്മെന്റ് തലങ്ങളിലേക്ക് ഉയർന്ന പ്രമോഷനുകൾ നേടാനും ഇവർക്ക് ബുദ്ധിമുട്ടായിരുന്നു.

സാങ്കേതിക വശങ്ങളിൽ പ്രായോഗിക അറിവുള്ള ഒരു ഐ.ടി.ഐ/ ഡിപ്ലോമ വിദ്യാർഥിക്ക് ബിരുദം കൂടി ലഭിക്കുമ്പോൾ, തൊഴിൽ വിപണിയിൽ വലിയ സ്വീകാര്യത ലഭിക്കും. ഉന്നത മത്സരപരീക്ഷകൾക്ക് ഗുണം: സിവിൽ സർവിസ്, പി.എസ്.സി ബിരുദതല പരീക്ഷകൾ, യു.പി.എസ്.സി, ബാങ്കിങ്, എസ്.എസ്.സി തുടങ്ങിയ മത്സരപരീക്ഷകളിൽ പങ്കെടുക്കാനുള്ള വാതിൽ തുറക്കുന്നു. കരിയർ വളർച്ചയും വിദേശ സാധ്യതകളും: സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ നേടാനും, വിദേശ തൊഴിൽ വിപണിയിൽ (യൂറോപ്, കാനഡ, ഗൾഫ്) മുൻഗണന നേടാനും സഹായകമാകും. സമയവും സാമ്പത്തിക ലാഭവും: പോളിടെക്നിക്ക് പഠിതാക്കൾക്ക് ബിരുദം ഒന്നാം വർഷം പഠിക്കാതെ നേരിട്ട് രണ്ടാം വർഷത്തിലേക്ക് (ലാറ്ററൽ എൻട്രി) കയറാമെന്നത് ഒരു വർഷത്തെ പഠനസമയവും ചെലവും ലാഭിക്കാൻ സഹായിക്കുന്നു.

ഉത്തരവ് 2027-28 അധ്യയന വർഷം മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും. തുടർന്നുള്ള എല്ലാ നാലുവർഷ ബിരുദ പ്രവേശനങ്ങളെയും ഈ നിയമം നിയന്ത്രിക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു. നോഡൽ അതോറിറ്റി: എല്ലാ സർവകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും പോളിടെക്നിക്കുകളിലും ഇത് ഏകീകൃതമായി നടപ്പാക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറെ നോഡൽ കോഓഡിനേറ്റിങ് അതോറിറ്റിയായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments