തെല്‍ അവീവ്: ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. 120 അംഗ പാര്‍ലമെന്റില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് 53 സീറ്റും പ്രതിപക്ഷത്തിന് 48 സീറ്റുമാണ് ലഭിച്ചത്. 19 സീറ്റുകള്‍ നേടി അറബ് പാര്‍ട്ടികള്‍ നിര്‍ണായക ശക്തിയായി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 61 സീറ്റുകള്‍ ഒരു മുന്നണിക്കും നേടാന്‍ സാധിക്കാതെ വന്നതോടെ ഇസ്രായേലില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടെ, വോട്ടെടുപ്പില്‍ വിദേശ ഇടപെടലുണ്ടായെന്ന ആരോപണവുമായി നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി രംഗത്തെത്തി.ഖത്തറും തുര്‍ക്കിയും തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാണ് നെതന്യാഹു ആരോപിക്കുന്നത്. പ്രമുഖ അറബ് പാര്‍ട്ടിയായ ‘റാം’ ഖത്തറില്‍ നിന്ന് നിയമവിരുദ്ധമായി ഫണ്ട് കൈപ്പറ്റിയെന്ന് നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി ആരോപിക്കുന്നു.അറബ് പാര്‍ട്ടി നേതാക്കളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് തീവ്ര വലതുപക്ഷ നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ക്രമക്കേടുകള്‍ നടന്നതിന് തെളിവുകളില്ലെന്നാണ് തെരഞ്ഞെടുപ്പ് അധികൃതരുടെ വിശദീകരണം.

