തെഹ്റാന്: ഇറാനില്‍ ആക്രമണം തുടര്‍ന്ന് അമേരിക്ക. ഹോര്‍മുസ് മേഖലയിലെ ബന്ദര്‍ അബ്ബാസ്, ഖിഷം ദ്വീപ്, ഹാജിയാബാദ് എന്നിവിടങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഖിഷം ദ്വീപില്‍ 11 മിസൈലുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം ഇറാന് നടത്തിയ തിരിച്ചടിയില്‍ മൂന്ന് അതിര്‍ത്തി കേന്ദ്രങ്ങളും ഒരു ഓഫ്ഷോര്‍ എണ്ണ ഡ്രില്ലിങ് പ്ലാറ്റ്ഫോമും ആക്രമിക്കപ്പെട്ടതായി കുവൈത്ത് അറിയിച്ചു.കുവൈത്തിലെ അമേരിക്കന്‍ എച്ച്ഐഎംഎആര്‍എസ് (HIMARS) മിസൈല്‍ ലോഞ്ചറുകളെ ലക്ഷ്യമിട്ടതായി ഐആര്‍ജിസി പറഞ്ഞു. അമേരിക്കന്‍ ആക്രമണങ്ങളില്‍ ഇറാന്റെ വൈദ്യുതി ഗ്രിഡിന് കനത്ത നാശം സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.2,000ത്തിലധികം കേന്ദ്രങ്ങള്‍ തകര്‍ന്നതായും സര്‍ക്കാര്‍ വൈദ്യുതി കമ്പനി വ്യക്തമാക്കി. യുഎസ്-ഇറാന് ആക്രമണം തുടര്‍ന്നാല്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും പ്രതികരിച്ചു. ഇന്നലെ യുഎസ് ആക്രമണത്തില്‍ തിരിച്ചടിച്ച ഇറാന്റെ മിസൈല്‍ അവശിഷ്ടം പതിച്ച് ഖത്തറില്‍ ഒരു കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും നിയമാനുസൃതമായി സര്‍വീസ് നടത്തുന്ന എല്ലാ കപ്പലുകള്‍ക്കുമായി പാത തുറന്നുനല്‍കിയിരിക്കുകയാണെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് അടച്ചതായും മേഖലയിലെ ഇടപെടലുകള്‍ അമേരിക്ക അവസാനിപ്പിക്കുന്നത് വരെ കപ്പലുകളെ കടത്തിവിടില്ലെന്നുമുള്ള ഇറാന്റെ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെയാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക നിര്‍ദേശിക്കുന്ന ബദല്‍ പാതകള്‍ ഉപയോഗിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്ന മുന്നറിയിപ്പും ഇറാന് നല്‍കിയിട്ടുണ്ട്.

