ടെഹ്‌റാന്‍: അന്തരിച്ച ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മകന്‍ മൊജ്തബ ഖമേനി, പിതാവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. സുരക്ഷാ കാരണങ്ങളാലാണ് തീരുമാനമെന്ന് ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതിനിധിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊജ്തബ ഖമേനിക്ക് സുരക്ഷാ ഭീഷണികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.രാജ്യത്ത് നിര്‍ണായക മാറ്റങ്ങള്‍ കൊണ്ടുവന്ന അലി ഖമേനിക്ക് വലിയ ജനപിന്തുണയുണ്ടായിരുന്നു. സംസ്‌കാരച്ചടങ്ങിന് വലിയ ജനപങ്കാളിത്തവും ഒപ്പം സുരക്ഷാ വെല്ലുവിളികളും പ്രതീക്ഷിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതാണ് ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാതിരിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. മൊജ്തബയുടെ അസാന്നിധ്യം വലിയ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തില്‍ ഇറാന്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണങ്ങള്‍ വന്നിട്ടില്ല.ഈ മാസം 4-ന് ടെഹ്‌റാനില്‍ ആരംഭിക്കുന്ന ഖമേനിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ 9-ന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദില്‍ മൃതദേഹം അടക്കം ചെയ്യുന്നതോട് കൂടി അവസാനിക്കും. ആദ്യം മാര്‍ച്ചിലാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നതെങ്കിലും അന്ന് നിലനിന്നിരുന്ന രൂക്ഷമായ സൈനിക സംഘര്‍ഷം കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു. ഫെബ്രുവരി 28നാണ് യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഖമേനി കൊല്ലപ്പെട്ടത്.സംസ്‌കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി മോദിക്ക് ഉള്‍പ്പെടെ ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ബിഹാര്‍ ഗവര്‍ണര്‍ ലഫ്റ്റനന്റ് ജനറല്‍ സയ്യിദ് അതാ ഹസ്‌നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മര്‍ഗരിറ്റയുമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇന്തോനേഷ്യ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് മുന്‍കൂട്ടി നിശ്ചയിച്ച സന്ദര്‍ശനം ഉള്ളതിനാലാണ് പ്രധാനമന്ത്രി സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാത്തത്

