ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയടിച്ച കേസിൽ ട്രസ്റ്റ് ഭാരവാഹികളോടും ക്ഷേത്ര ജീവനക്കാരോടും അയോധ്യയിൽനിന്ന് പോകരുതെന്ന് പ്രത്യേക അന്വേഷണ സംഘം. 200 കോടിയുടെ കൊള്ളയാണ് നടന്നതെന്നാണ് എസ്ഐടി കണ്ടെത്തൽ. പണവും ആഭരണങ്ങളും കടത്തിയെന്നും സൂചനയുണ്ട്. അതേസമയം അന്വേഷണം തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ക്ഷേത്രത്തിലെ സിസിടിവി കാമറകളിൽനിന്നുള്ള പരിമിതമായ ദൃശ്യങ്ങൾ അന്വേഷണത്തിന് തടസമാകുന്നതായി റിപ്പോർട്ടുണ്ട്. 45 ദിവസത്തെ ദൃശ്യങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അതിനുശേഷം ദൃശ്യങ്ങൾ ഇല്ലാതാകുന്ന തരത്തിലാണ് കാമറകൾ സജ്ജീകരിച്ചിരിക്കുന്നത്.രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളിൽ വൻതോതിൽ ക്രമക്കേടും പണം തട്ടിപ്പും നടന്നതായുള്ള പരാതിയിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം പ്രാഥമിക റിപ്പോർട്ട് ഇന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിച്ചേക്കുമെന്നാണ് വിവരം. അന്വേഷണത്തിന് ശേഷം ശനിയാഴ്ചയോടെ പ്രത്യേക അന്വേഷണ സംഘം ലഖ്നൗവിൽ തിരിച്ചെത്തിയിട്ടുണ്ട്.ക്ഷേത്ര ട്രസ്റ്റ് വിവിധ ഘട്ടങ്ങളിലായി നടത്തിയ ഭൂമി ഇടപാടുകളെക്കുറിച്ചും ക്ഷേത്ര നിർമാണത്തിനായി സാമഗ്രികൾ വാങ്ങിയതിനെക്കുറിച്ചും എസ്ഐടി വിശദമായി പരിശോധിച്ചുവരികയാണ്. വിപണി വിലയേക്കാൾ 500% മുതൽ 800% വരെ ഉയർന്ന നിരക്കിൽ ട്രസ്റ്റ് ഏകദേശം 71 ഏക്കറോളം ഭൂമി വാങ്ങിയതായാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.ആറ് ദിവസം നീണ്ടുനിന്ന വിപുലമായ അന്വേഷണത്തിൽ 150-ഓളം സംശയിക്കപ്പെടുന്നവരുടെ പേരുകൾ ഉയർന്നുവന്നിട്ടുണ്ട്. ഇതിൽ 25 പേർക്കെതിരെ ഉടൻ തന്നെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങൾ, വഴിപാടുകളുടെ വിവരങ്ങൾ, സംഭാവനകൾ എണ്ണുന്ന രീതി, പണം ബാങ്കിൽ നിക്ഷേപിക്കുന്ന പ്രക്രിയ എന്നിവയുൾപ്പെടെയുള്ള നിർണായക വശങ്ങൾ അന്വേഷണസംഘം പരിശോധിച്ചു. ശനിയാഴ്ചയോടെ സംശയിക്കപ്പെടുന്ന എല്ലാവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും എസ്ഐടി ശേഖരിച്ചിട്ടുണ്ട്.2025-ന്റെ തുടക്കത്തിൽ നടന്ന പ്രയാഗ്രാജ് മഹാകുംഭമേളയുടെ സമയത്താണ് ഏറ്റവും വലിയ പണം തട്ടിപ്പ് നടന്നിട്ടുള്ളതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിലെ പണത്തിന്റെ വിനിയോഗം, അനാവശ്യ ചെലവുകൾ, ഭൂമി വാങ്ങലുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ എന്നിവയും അന്വേഷണ പരിധിയിലുണ്ട്. 2021 വരെയുള്ള പഴയ രേഖകളും സംഘം പരിശോധിച്ചു.ക്ഷേത്രത്തിലെ സംഭാവന എണ്ണുന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് പേരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഇതുവരെ രണ്ട് കോടി രൂപയോളം വീണ്ടെടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ലവ്കുഷ്, അവ്നിഷ്, അനുകൽപ്, കരുണെ, രാംശങ്കർ (ടിന്നു) എന്നിവരെയാണ് ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്.

