കൊച്ചി: ‘അധികാരത്തിന്റെ പത്രാസിന് പിന്നാലെ പോകില്ല. ഓരോ നടപടിയും സാധാരണക്കാരന് വേണ്ടിയാകും’ എന്നെയോര്‍ത്ത് നിങ്ങള്‍ തലകുനിക്കേണ്ടി വരില്ലെന്ന്’ മുഖ്യമന്ത്രി വിഡി സതീശന്‍. ‘എനിക്ക് വേണ്ടി വോട്ട് ചെയ്യാത്തവര്‍ പോലും എനിക്ക് വേണ്ടി പ്രാര്‍ഥിച്ചു. പതിനായിരങ്ങളുടെ പ്രാര്‍ഥനയുടെ ഫലമാണീ സ്ഥാനം. എന്നെക്കുറിച്ചോര്‍ത്ത് ഒരു പറവൂരുകാരനും അപമാന ഭാരത്താല്‍ തല കുനിയ്ക്കേണ്ടി വരില്ല’ സതീശന്‍ വ്യക്തമാക്കി. പറവൂരില്‍ പൗരാവലിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.അധികാരത്തിന്റെ പത്രാസിന് പിന്നാലെ പോകില്ല. ഓരോ നടപടിയും സാധാരണക്കാരന് വേണ്ടിയാകും. ഈ നാടിനെയും നിങ്ങളെയും ഒരിക്കലും മറക്കില്ല. കേരളത്തെ തുറുമുഖ നഗരമാക്കും. വെല്ലുവിളിയായതുകൊണ്ടാണ് ധനവകുപ്പ് ഏറ്റെടുത്തതെന്നും സതീശന്‍ പറഞ്ഞു. ശ്രീകുമാരന്‍ തമ്പി, നടന്‍മാരായ മോഹന്‍ലാല്‍, സലിംകുമാര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു.സത്യസന്ധതയും സുതാര്യതയുമാണ് മുഖ്യമന്ത്രി വിഡി സതീശന്റെ പ്രത്യേകതകളെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. ഒരാളെ മുഖ്യമന്ത്രിയാക്കാനായി നാടൊന്നായി മുറവിളി കൂട്ടിയ അനുഭവം കേരള ചരിത്രത്തില്‍ തന്നെ വിരളമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘മനസില്‍ ചങ്ങാതിയുടെ സ്നേഹത്തോടെ ഇടംപിടിച്ച ആള്‍’, എന്ന് വിഡി സതീശനെ വിശേഷിപ്പിച്ചായിരുന്നു മോഹന്‍ലാല്‍ തന്റെ പ്രസംഗം ആരംഭിച്ചത്. ‘ഇരട്ടി മധുരമുള്ള ആഘോഷനിമിഷത്തിലാണ് എല്ലാവരും. ഒരു ദേശത്തിന്റെ പ്രിയപ്പെട്ട പുത്രന്‍ ഒരു നാടിന്റെ മുഖ്യനായി മാറിയ അനര്‍ഘനിമിഷം. ഞാനടക്കമുള്ള മലയാളികളുടെ പ്രതീക്ഷകളുടെ ഭാരം എത്രയുണ്ടെന്ന് സതീശന്‍ സാറിന് അറിയുന്നുണ്ടാവാം. അത്രമാത്രം പ്രതീക്ഷയോടെയാണ് അദ്ദേഹത്തെ കേരളം മുഖ്യമന്ത്രിയായി അവരോധിച്ചത്. ഒരാളെ മുഖ്യമന്ത്രിയാക്കാനായി നാടൊന്നായി മുറവിളി കൂട്ടിയ അനുഭവം കേരള ചരിത്രത്തില്‍ തന്നെ വിരളമായിരിക്കും. പറവൂരിന് മാത്രമല്ല, കേരളത്തിനാകെ ഈയൊരാളെ വേണമെന്ന് തോന്നാന്‍ കാരണമെന്താണ് എന്ന് ഞാന്‍ ആ ദിവസങ്ങളിലേറെ ആലോചിച്ചിട്ടുണ്ട്’, മോഹന്‍ലാല്‍ പറഞ്ഞു.സത്യസന്ധത, സുതാര്യത. ബഹുമാനപ്പെട്ട സതീശന്‍ സാറില്‍ ഇതുരണ്ടും പ്രകടമാണ്. ജീവിതത്തില്‍ അങ്ങോളം, എന്തൊക്കെ കൈമോശം വന്നാലും ഇവ രണ്ടും കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു, ആശംസിക്കുന്നു. നെഹ്റൂവിയന്‍ സോഷ്യലിസ്റ്റായ വി.ഡി. സതീശന്‍ നെഹ്റുവിനെപ്പോലെ വലിയൊരു ഡ്രീമറാവാതെ തരമില്ല. അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലൂടെ കേരളം മഴവില്‍ ഭംഗിയോടെ വളരും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു’, അദ്ദേഹം ആശംസിച്ചു.’നാര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന് എന്റെ ഒരു കഥാപാത്രം പറഞ്ഞിട്ടുണ്ട്. കേരളത്തിലിപ്പോള്‍ മയക്കുമരുന്ന് ഒഴുകുകയാണ്. ഉരുക്കുമുഷ്ഠിയും ദൃഢനിശ്ചവുമായി സര്‍ക്കാര്‍ മുന്നില്‍നിന്നാല്‍ മയക്കുമരുന്നെന്ന വിപത്തിനെ നമുക്ക് തുടച്ചുനീക്കാന്‍ സാധിക്കും. അതിനുള്ള കരുത്ത് സര്‍ക്കാരിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു’, സ്വന്തം കഥാപാത്രത്തിന്റെ സംഭാഷണം ഓര്‍ത്തുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.’എല്ലാ രാഷ്ട്രീയപാര്‍ട്ടിയില്‍ ഉള്ളവരുമായും സൗഹൃദം നിലനിര്‍ത്തുന്ന ആളാണ് ഞാന്‍. കക്ഷിരാഷ്ട്രീയമല്ല രാഷ്ട്രബോധമാണ് എന്നെ എപ്പോഴും നയിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എല്ലാ ജനങ്ങളുടേതുമാണ്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മാത്രമായി ഇവിടെ വിപ്ലവങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കില്ല. കലാകാരന്‍ എന്ന നിലയിലും വ്യക്തിയെന്ന നിലയിലും എന്നാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും എന്നത്തേയും പോലെ വാഗ്ദാനം ചെയ്യുന്നു. സ്വപ്നം കാണാനും കഠിനാധ്വാനത്തിലൂടെ പുതിയൊരു കേരളത്തെ സൃഷ്ടിക്കാനും സാധിക്കട്ടെ. അതിന് എല്ലാ പിന്തുണയുമായി സാധാരണക്കാരായ ഞങ്ങളുണ്ട്’, എന്ന വാക്കുകളോടെയാണ് മോഹന്‍ലാല്‍ പ്രസംഗം അവസാനിപ്പിച്ചത്.തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ രാജാവാണെന്ന് സ്വയം കരുതിയാല്‍ അവിടെ ജനാധിപത്യം പരാജയപ്പെടുമെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി പറഞ്ഞു. താന്‍ കേരളത്തിന്റെ രാജാവാണെന്നും ബാക്കി എല്ലാവരും പ്രജകളാണെന്നും വിചാരിക്കുന്ന ഒരാള്‍ മുഖ്യമന്ത്രിയായാല്‍ വളരേയേറെ ദുഃഖിക്കേണ്ടിവരും. രാഷ്ട്രീയത്തില്‍ നന്മ കുറഞ്ഞുകൊണ്ടിരിക്കുന്ന കാലമാണ്. ജനങ്ങള്‍ വോട്ടുചെയ്താണ് ഭരണാധികാരിയെ തെരഞ്ഞെടുക്കുന്നത്. നേതാവ് ഭരണാധികാരിയായിക്കഴിഞ്ഞാല്‍ അദ്ദേഹം രാജാവും തനിക്ക് വോട്ടുചെയ്യുന്നവര്‍ പ്രജകളുമാണെന്ന് വിചാരിച്ചാല്‍ അവിടെ ജനാധിപത്യം പരാജയപ്പെടും. വിഡി സതീശന്‍ അങ്ങനെ ഒരാളല്ല എന്നതുകൊണ്ടുമാത്രമാണ് താന്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്ന് ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കി.’ഞാന്‍ കേരളത്തിന്റെ രാജാവാണ് ബാക്കി എല്ലാവരും പ്രജകള്‍ എന്ന് വിചാരിക്കുന്ന ഒരാള്‍ മുഖ്യമന്ത്രിയായാല്‍ വളരേയേറെ ദുഃഖിക്കേണ്ടിവരും. ഒരു നേതാവും മന്ത്രിയും രാജാവല്ല’, അദ്ദേഹം അഭിപ്രായപ്പെട്ടു.കേരളത്തിന് പുഞ്ചിരിക്കുന്ന മുഖമുള്ള മുഖ്യമന്ത്രിയെ സമ്മാനിച്ചതില്‍ പറവൂരുകാര്‍ക്ക് അഭിമാനിക്കാമെന്ന് നടന്‍ സലിംകുമാര്‍ പറഞ്ഞു. തന്റെ ഭാവിയെക്കുറിച്ചുപോലും ചിന്തിക്കാതെ വലിയ റിസ്‌കാണ് സതീശന്‍ തെരഞ്ഞെടുപ്പില്‍ ഏറ്റെടുത്തതെന്നും സലിംകുമാര്‍ പറഞ്ഞു. ‘ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്സ് പോലെ പത്തുദിവസത്തോളം മുള്‍മുനയില്‍ നിര്‍ത്തിയിട്ടാണ് ആ സന്തോഷിപ്പിക്കുന്ന വിവരം നമ്മുടെ ചെവികളില്‍ എത്തിയത്. പറവൂരുകാര്‍ക്ക് അഭിമാനിക്കാം, പുഞ്ചിരിക്കുന്ന മുഖമുള്ള മുഖ്യമന്ത്രിയെ കേരളത്തിന് നല്‍കിയെന്ന്’, എന്നായിരുന്നു സലിംകുമാറിന്റെ വാക്കുകള്‍.’102 സീറ്റില്ലാതെ, കഴിഞ്ഞ തവണത്തെപ്പോലെ ഭൂരിപക്ഷമില്ലാതെ വന്നാല്‍ സതീശന്‍ ചേട്ടന്റെ അവസ്ഥ എന്താകുമായിരുന്നേനെ? അത്രയും റിസ്‌ക് എടുത്ത്, തന്റെ ഭാവി പോലും കണക്കാക്കാതെ ഏറ്റെടുത്ത വെല്ലുവിളികളെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. വനവാസത്തിന് പോവാന്‍ നിന്നവനെ നിര്‍ബന്ധിച്ച് പട്ടാഭിഷേകം നടത്തിയ ഒരുപറ്റം ജനതയുടെ സായൂജ്യത്തിന്റെ കഥയാണ് ഇന്ന് നമ്മള്‍ കാണുന്ന വി.ഡി. സതീശന്‍. നല്ല തുടക്കം പകുതി ചെയ്തതിന് തുല്യമാണെന്ന് പറയും. അങ്ങനെയെങ്കില്‍ നല്ല തുടക്കമായിരുന്നു. അതിമനോഹരമായി ഇനിയുള്ള വര്‍ഷങ്ങള്‍ പോവട്ടെ. അദ്ദേഹത്തിന്റെ മുഖത്തുള്ള പാല്‍പ്പുഞ്ചിരി മായാതെ സൂക്ഷിച്ച് മുന്നോട്ടുപോവാന്‍ എല്ലാവിധ ആശംസകളും നേരുന്നു’, സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു



