തിരുവനന്തപുരം: മലയാള സിനിമയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത പൊലീസ് കേസുകളെല്ലാം അവസാനിപ്പിക്കുന്നു. മൊഴി കൊടുത്തവർക്ക് കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലാത്ത സാഹചര്യത്തിലാണ് നടപടി. 35 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരുന്നത്. ആദ്യ ഘട്ടത്തിൽ 21 കേസുകൾ അവസാനിപ്പിച്ച പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ശേഷിക്കുന്ന 14 കേസുകൾ കൂടി അവസാനിപ്പിച്ച് ഈ മാസം തന്നെ കോടതികളിൽ റിപ്പോർട്ട് നൽകാനാണ് പൊലീസ് ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകുന്നതോടെ എല്ലാ കേസുകളും അവസാനിക്കും. കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച് വർഷങ്ങൾക്കു ശേഷമാണ് അതിലെ വിവരങ്ങൾ പുറത്തു വന്നത്. പിന്നാലെ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി പരാതിയുമായി പലരും രംഗത്തു വന്നു. ചില മൊഴികൾ ഞെട്ടിക്കുന്നതായിരുന്നു. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വിടുന്നതിനെതിരെ ചിലർ കോടതിയെ സമീപിക്കുകയും ചെയ്തു.



