Tuesday, July 8, 2025
No menu items!
Homeവാർത്തകൾഹൃദയരോഗ ചികിത്സയില്‍ വീണ്ടും മുന്നേറി എറണാകുളം ജനറല്‍ ആശുപത്രി

ഹൃദയരോഗ ചികിത്സയില്‍ വീണ്ടും മുന്നേറി എറണാകുളം ജനറല്‍ ആശുപത്രി

എറണാകുളം : ഹൃദയ രോഗ ചികിത്സയില്‍ മുന്നേറ്റവുമായി വീണ്ടും എറണാകുളം ജനറല്‍ ആശുപത്രി. ആശുപത്രിയില്‍ ടി എ വി ആർ ചികിത്സ വിജയകരമായി പൂർത്തിയായി. ഹൃദയത്തില്‍ നിന്ന് മഹാ രക്തധമനിയിലേക്കുള്ള അയോർട്ടിക് വാല്‍വ് അപകടകരമാംവിധം ചുരുങ്ങിപ്പോയതിനാല്‍ ഗുരുതരമായ ശ്വാസതടസ്സവുമായി ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട 84 കാരിയായ വയോധികയാണ് ട്രാൻസ് കത്തീറ്റർ വാല്‍വ് റീപ്ലെയ്സ്മെൻ്റ് ( Transcatheter Aortic Valve Replacement (TAVR) നു വിധേയയായത്.

ഹൃദയത്തില്‍നിന്ന് മഹാ രക്തധമനിയിലേക്കുള്ള അയോർട്ടിക് വാല്‍വാണ് ജനറല്‍ അനസ്തീസിയ കൂടാതെ നെഞ്ച് തുറക്കാതെ തുടയില്‍ 5 എം എം മാത്രം വലുപ്പമുള്ള മുറിവിലൂടെ കത്തീറ്റർ കടത്തി മാറ്റിവച്ചത്. കാല്‍സ്യം വളരെ കൂടിയ അളവില്‍ അടിഞ്ഞുകൂടിയ ബൈക്കസ്പിഡ് അയോർട്ടിക് വാല്‍വും മഹാ രക്തധമനിയും ചികിത്സയുടെ സങ്കീർണ്ണത വർദ്ധിപ്പിച്ചു. ഇത്രയും പ്രായമുള്ള ഒരു രോഗിയില്‍ ടി എ വി ആർ ചികിത്സ ജനറല്‍ ആശുപത്രിയില്‍ ഇതാദ്യമായാണ് നടത്തുന്നത്. കടുത്ത ശ്വാസതടസ്സം മൂലം കട്ടിലില്‍നിന്ന് അനങ്ങാൻ പോലും പ്രയാസപ്പെട്ടിരുന്ന രോഗി ശസ്ത്രക്രിയ കഴിഞ്ഞു മൂന്നാം ദിവസം പരസഹായമില്ലാതെ നടക്കുകയും ചെയ്തു.

2022 ഇല്‍ രാജ്യത്താദ്യമായി ഒരു ജില്ലാ തല ജനറല്‍ ആശുപത്രിയില്‍ നെഞ്ച്തുറക്കാതെ വാല്‍വ്മാറ്റ ശസ്ത്രക്രിയ നടത്തിക്കൊണ്ട് ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗവും ഹൃദ്രോഗശസ്ത്രക്രിയ വിഭാഗവും ചരിത്രം കുറിച്ചിരുന്നു. വിശ്വാസപരമായ കാരണങ്ങളാല്‍ രക്തം സ്വീകരിക്കാനാകാത്ത ഒരു രോഗിയില്‍ ടി എ വി ആർ ചികിത്സ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വിജയകരമായി നടത്തുകയും അതേത്തുടർന്ന് നൂതനമായ കണ്ടക്ഷൻ സിസ്റ്റം പേസിങ് പേസ്മേക്കർ ഘടിപ്പിക്കുകയും ചെയ്തിരുന്നു.

ഇത് 2024 ജൂലൈ മാസം തുർക്കിയില്‍ വച്ച്‌ നടന്ന അന്താരാഷ്ട്ര പേസിങ് സീരീസ് കോണ്‍ഫറൻസില്‍ അവതരിപ്പിച്ചു ശ്രദ്ധനേടിയിരുന്നു. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ഒരുങ്ങുന്ന എറണാകുളം ജനറല്‍ ആശുപത്രിക്ക് ടി എ വി ആർ ചികിത്സ ഊർജം കൂട്ടിയതായി ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷാ അറിയിച്ചു. കൂടാതെ ടി എ വി ആർ ചികിത്സ വിജയകരമായി പൂർത്തിയാക്കിയ കാർഡിയോളജി – സി ടി വി എസ് ടീമംഗങ്ങളായ ഡോ ആഷിഷ് കുമാർ, ഡോ വിജോ ജോർജ്, ഡോ പോള്‍ തോമസ്, ഡോ പ്രസാദ് പി അനില്‍, ഡോ എം.കെ. ഗോപകുമാർ, ഡോ ജോർജ് വാളൂരാൻ, ഡോ രാഹുല്‍ സതീശൻ, ഡോ റോഷ്ന എന്നിവരെ അഭിനന്ദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments