ചെങ്ങമനാട്: മഹാകവി കുമാരനാശാൻ്റെ ദേഹവിയോഗശതാബ്ദി ആചരണത്തിൻ്റെ ഭാഗമായി കാലടി എസ്എൻഡിപി ലൈബ്രറിയിൽ ഹൃദയത്തിൽ വീണപൂവ് ഭാഷണപരമ്പര ഇന്ന് ആരംഭിക്കും. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാള വിഭാഗത്തിൻ്റേയും കുമാരനാശാൻ ചരമ ശതാബ്ദി ആചരണസമിതിയുടേയും ആഭിമുഖ്യത്തിൽ നടക്കുന്ന സപ്തദിനപ്രഭാഷണ പരമ്പര വൈകീട്ട് 6 ന് മഹാകവിയുടെ ചെറുമകൻ പി.അരുൺകുമാർ തോന്നയ്ക്കൽ ഉദ്ഘാടനം ചെയ്യും. ഗുരുവിൻ്റെ കാവ്യ പ്രചോദനം ആശാൻ കവിതയിൽ എന്ന വിഷയത്തിൽ കാലടി സർവകലാശാല മലയാള വിഭാഗം അസോ. പ്രൊഫ. ഡോ. കവിതാരാമൻ മുഖ്യ പ്രഭാഷണം നടത്തും. ലൈബ്രറി പ്രസിഡൻ്റ് അഡ്വ. കെ ബി സാബു അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം ആൻസി ജിജോ, കാലടി എസ്എൻഡിപി ശാഖ പ്രസിഡൻ്റ് ഷൈജു കണക്കശ്ശേരി, എം ബി രാജൻ, എം വി ജയപ്രകാശ്, ചന്ദ്രൻ എൻ പി എന്നിവർ പ്രസംഗിക്കും.
ഭാഷണപരമ്പരയിൽ നാളെ വൈകീട്ട് 6 ന് നവോത്ഥാന കുടുംബചിന്തയും ആശാൻ കവിതയും എന്ന വിഷയത്തിൽ ഡോ. കെ ആർ സജിത പ്രഭാഷണം നടത്തും. ഡോ ഷംസാദ് ഹുസൈൻ അധ്യക്ഷയായിരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ആശാൻ കൃതികളിലെ നവോത്ഥാന ചിന്തകൾ, ആശാൻ്റെ നായികമാർ, ആശാൻ്റെ പ്രബുദ്ധചിന്തകൾ, കുമാരനാശാനും ശ്രീനാരായണ പ്രസ്ഥാനവും, ഗുരുവിൻ്റെ പ്രിയശിഷ്യനായ കുമാരു എന്നീ വിഷയങ്ങളിൽ എം. കൃഷ്ണകുമാർ ഹരിപ്പാട്, രവിത ഹരിദാസ്, ഡി ദീപ്തികൃഷ്ണ, പി പി രാജൻ എറണാകുളം എന്നിവർ സംസാരിക്കും. ഹൃദയത്തിൽ വീണപൂവ് ഭാഷണപരമ്പര 24 ന് സമാപിക്കും. തിരുവനന്തപുരം ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം മുൻ ഡയറക്ടർ ഡോ. എം ആർ യശോധരൻ മുഖ്യാതിഥി ആയിരിക്കും.



