ഷിംല: ഹിമാചൽ പ്രദേശിലുണ്ടായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികളടക്കമുള്ള വിനോദസഞ്ചാരികൾ സുരക്ഷിതർ. മലയാളികൾ അടങ്ങിയ സംഘം സുരക്ഷിതരാണെന്നും മറ്റു ബുദ്ധിമുട്ടുകൾ നിലവിലില്ലെന്നും കിനൗർ ജില്ല ഭരണകൂടം വ്യക്തമാക്കി. റോഡ് മാർഗമുള്ള ഗതാഗതം തടസപ്പെട്ടതാണ് വിനോദസഞ്ചാരികൾ കൽപ്പയിൽ കുടുങ്ങാൻ കാരണമെന്നാണ് ജില്ല ഭരണകൂടം അറിയിച്ചത്. റോഡ് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ച് വിനോദസഞ്ചാരികളെ തിരികെയെത്തിക്കാനുള്ള നടപടികൾ ഭരണകൂടം സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഇവരെ ഷിംലയിൽ എത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമാണെന്നും അധികൃതർ അറിയിച്ചു. നാളെ ഉച്ചയോടെ റോഡ് ഗതാഗതം പുനസ്ഥാപിക്കാൻ ആകുമെന്ന് ബി ആർ ഓ അറിയിച്ചതായി കേന്ദ്ര മന്ത്രി ജോർജ് കുര്യന്റെ ഓഫീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് ഇവരുടെ യാത്ര കല്പയിൽ വച്ച് തടസ്സപ്പെട്ടത്. സംഘാംഗങ്ങൾ ഹോട്ടലിൽ സുരക്ഷിതരാണെന്നും നിലവിൽ മറ്റു ബുദ്ധിമുട്ടുകൾ ഇല്ലെന്നും ജില്ലാ ഭരണകൂടം വിശദീകരിച്ചിട്ടുണ്ട്. സംഘത്തെ കുറിച്ച് അറിഞ്ഞ കെ സി വേണുഗോപാൽ എം പി ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖുവുമായി സംസാരിച്ചു. എല്ലാവരും സുരക്ഷിതരാണെന്നും ആശങ്ക വേണ്ടെന്നും കെ സി വേണുഗോപാൽ അറിയിച്ചു.
അതേസമയം പഞ്ചാബിലും ജമ്മുകശ്മീരിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. 40 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയക്കെടുതിയാണ് പഞ്ചാബ് നേരിടുന്നത്. 9 ജില്ലകളിലായി 1018 ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. ഒന്നര ലക്ഷം ഏക്കർ കൃഷിഭൂമി നശിച്ചു. കരസേനയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്



