എറണാകുളം: 2025 – ലെ ഹജ്ജ് തീർത്ഥാടനത്തിനുള്ള ആദ്യ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടു. ആദ്യ വിമാനത്തിന്‍റെ ഫ്ളോഗ് ഓഫ് കർമ്മം കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ നിർവ്വഹിത്തു. എംബാർക്കേഷൻ പോയിന്റിൽ തീർത്ഥാടകരെ അഭിസംബോധന ചെയ്ത മന്ത്രി, സുഗമവും സുരക്ഷിതവും ആത്മീയമായി സമ്പന്നവുമായ യാത്രക്കായി ഹൃദയംഗമമായ ആശംസകൾ നേർന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, കേന്ദ്ര സർക്കാർ തീർത്ഥാടകരുടെ സുഖസൗകര്യവും ക്ഷേമവും ഉറപ്പാക്കാൻ പൂർണമായി പ്രതിജ്ഞാബദ്ധമാണെന്ന് കുര്യൻ വ്യക്തമാക്കി. “ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലുമായും സൗദി അറേബ്യൻ അധികൃതരുമായും സഹകരിച്ച്, വൈദ്യസഹായവും ലോജിസ്റ്റിക്കൽ പിന്തുണയും ഉൾപ്പെടെ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട് ,” അദ്ദേഹം പറഞ്ഞു.
ഹജ്ജ് തീർത്ഥാടനം കൂടുതൽ കാര്യക്ഷമവും സമഗ്രവുമാക്കാൻ സർക്കാർ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ മന്ത്രി എടുത്തുപറഞ്ഞു. അപേക്ഷാ പ്രക്രിയയുടെ ഡിജിറ്റലൈസേഷൻ, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത വർധിപ്പിക്കൽ, എംബാർക്കേഷൻ പോയിന്റുകളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ എന്നിവ, രാജ്യവ്യാപകമായി ഹജ്ജ് പ്രക്രിയയെ കൂടുതൽ പ്രാപ്യമാക്കിയതായി അദ്ദേഹം അവകാശപ്പെട്ടു. തീർത്ഥാടകർ, കേന്ദ്ര സർക്കാരിന്റെ പരിഷ്കാരങ്ങൾക്ക് നന്ദി പ്രകടിപ്പിച്ചു. 2025-ലെ ഹജ്ജ് തീർത്ഥാടനം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ഡിജിറ്റൽ നവീകരണങ്ങളും വഴി, തീർത്ഥാടകർക്ക് ഒരു നാഴികക്കല്ലായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. വൈകുന്നേരം 5.55 ന് പുറപ്പെട്ട എസ് വി 3067 നമ്പർ ആദ്യ വിമാനത്തിൽ 146 പുരുഷന്മാരും 143 സ്ത്രീകളുമാണ് യാത്രയായത്. ഈ വിമാനം രാത്രി 9.20 ന് ജിദ്ദയിലെത്തി. 8.20 ന് പുറപ്പെട്ട രണ്ടാം വിമാനത്തില്‍ 146 പുരുഷന്മാരും 140 സ്ത്രീകളുമാണ് യാത്രയായത്.
മെയ് 22 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും ഹജ്ജ് വിമാനങ്ങൾ സർവ്വീസ് നടത്തും. . ശനിയാഴ്ച പുറപ്പെടുന്ന വിമാനത്തിൽ പൂർണ്ണമായും വനിതാ തീർത്ഥാടകരാണ് യാത്രയാവുക. കോഴിക്കോട് നിന്നും പുലർച്ചെ 12.45 ന് പുറപ്പെടുന്ന വിമാനത്തിൽ 86 പുരുഷന്മാരും 85 സ്ത്രീകളും രാവിലെ 7.40 ന് പുറപ്പെടുന്ന വിമാനത്തിൽ 82 പുരുഷന്മാരും 91 സ്ത്രീകളും പുറപ്പെടും. കണ്ണൂരിൽ നിന്നും വൈകുന്നേരം 4.30 ന് പുറപ്പെടുന്ന വിമാനത്തിൽ 167 തീർത്ഥാടരാണ് യാത്രയാവുക



