ആഭരണപ്രേമികൾക്കും വിവാഹം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ (Gold) വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം സമ്മാനിച്ച് സ്വർണവില (Gold rate) ഇന്നുംകുറഞ്ഞു. കേരളത്തിൽ (Kerala Gold Price) ഗ്രാമിന് 25 രൂപ കുറഞ്ഞ് 8,955 രൂപയും പവന് 200 രൂപ കുറഞ്ഞ് വില 71,640 രൂപയിലുമെത്തി. ഇതോടെ കഴിഞ്ഞ 4 ദിവസത്തിനിടെ ഗ്രാമിന് 175 രൂപയും പവന് 1,400 രൂപയുമാണ് കുറഞ്ഞത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് ഒറ്റയടിക്ക് 150 രൂപയും പവന് 1,200 രൂപയും ഇടിഞ്ഞിരുന്നു.
ഭീമ ഗ്രൂപ്പ് (Bhima) ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) നിർണയപ്രകാരം ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 7,365 രൂപയായി. വെള്ളിവില ഗ്രാമിന് 117 രൂപയെന്ന റെക്കോർഡിൽ മാറ്റമില്ലാതെ നിൽക്കുന്നു. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ ഇന്ന് 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 20 രൂപ കുറച്ച് 7,345 രൂപയാണ്. വെള്ളിക്ക് വില മാറിയില്ല; ഗ്രാമിന് 113 രൂപ. ഇന്ത്യൻ റുപ്പി (Indian Rupee) ഇന്ന് 3 പൈസ നഷ്ടത്തിൽ 85.67ലാണ് ഡോളറിനെതിരെ വ്യാപാരം ആരംഭിച്ചത്. ഡോളറും രൂപയും തമ്മിലെ വിനിമയമൂല്യം, സ്വർണത്തിന്റെ ബോംബെ റേറ്റ്, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ റേറ്റ്, രാജ്യാന്തര സ്വർണവില തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് കേരളത്തിൽ ഓരോ ദിവസവും രാവിലെ 9.20ഓടെ സ്വർണവില നിർണയം. ഇന്ന് രാവിലെ വിലനിർണയിക്കുമ്പോൾ ബോംബെ റേറ്റ് ഗ്രാമിന് 29 രൂപ കുറഞ്ഞ് 9,817 രൂപയും ബാങ്ക് റേറ്റ് 19 രൂപ കുറഞ്ഞ് 9,920 രൂപയുമായത് കേരളത്തിൽ സ്വർണവില കുറയാൻ സഹായിച്ചു. രൂപ തളർന്നില്ലായിരുന്നെങ്കിൽ സ്വർണവില ഇന്ന് ഇതിലുമേറെ കുറയുമായിരുന്നു.



