Friday, August 8, 2025
No menu items!
Homeവാർത്തകൾസെപ്റ്റംബര്‍ മൂന്നാം വാരത്തിൽ ആഗോള അയ്യപ്പസംഗമം

സെപ്റ്റംബര്‍ മൂന്നാം വാരത്തിൽ ആഗോള അയ്യപ്പസംഗമം

തിരുവനന്തപുരം: തത്വമസി എന്ന വിശ്വമാനവതയുടെ സന്ദേശം ലോകമൊട്ടാകെ പ്രചരിപ്പിക്കാനും, ശബരിമലയെ ഒരു ദൈവീക, പാരമ്പര്യ, സുസ്ഥിര ആഗോള തീര്‍ത്ഥാടന കേന്ദ്രമായി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും വിശാല പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി ആഗോള അയ്യപ്പസംഗമം സെപ്റ്റംബര്‍ മൂന്നാം വാരം സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ദേവസ്വം ബോര്‍ഡ് 75-ാം വാര്‍ഷികത്തിന്റെ കൂടി ഭാഗമായി പമ്പയില്‍ നടത്തുന്ന ആഗോള അയ്യപ്പസംഗമത്തില്‍ ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തര്‍ പങ്കെടുക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തില്‍ ആദ്യമായി നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അയ്യപ്പ ഭക്തരെ ഒരു വേദിയില്‍ കൊണ്ടുവരും. 3000 പ്രതിനിധികളെ സംഗമത്തില്‍ പ്രതീക്ഷിക്കുന്നു. വിവിധ സെഷനുകള്‍ ഒരു ദിവസത്തെ ആഗോള സംഗമത്തില്‍ ഉണ്ടാകും. സെപ്റ്റംബര്‍ 16 നും 21 നും ഇടയിലാണ് പരിപാടി ഉദ്ദേശിക്കുന്നത്. തീയതി പിന്നീട് തീരുമാനിക്കും. ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ക്ക് തലേദിവസം എത്തി ദര്‍ശനം നടത്തിയ ശേഷം സംഗമത്തില്‍ പങ്കെടുക്കാനുള്ള അവസരം നല്‍കുന്ന രൂപത്തിലാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. 3000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കുന്നതിനായി പമ്പയില്‍ തീര്‍ത്ഥാടന കാലത്ത് ഉണ്ടാക്കുന്നതുപോലെയുള്ള ഒരു ജര്‍മ്മന്‍ പന്തല്‍ നിര്‍മ്മിക്കും. ഭാവിയില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വലിയ കൂട്ടായ്മകളുടെ തുടക്കമാണ് ഈ സംഗമമെന്നു മന്ത്രി പറഞ്ഞു.

കഴിഞ്ഞ മണ്ഡല-മകരവിളക്ക് മഹോത്സവങ്ങളില്‍ ഏകദേശം 53 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ക്ക് പരാതികളില്ലാതെ ദര്‍ശനം ഉറപ്പാക്കാന്‍ കഴിഞ്ഞത് പൊതുവേ അംഗീകരിക്കപ്പെട്ട കാര്യമാണ്. ഈ അനുഭവം മുന്‍നിര്‍ത്തി ഭാവിയില്‍ ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംഗമത്തില്‍ പങ്കെടുക്കുന്ന ഭക്തര്‍ക്ക് നിലവിലുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പങ്കുവെക്കാനും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കാനും അവസരം നല്‍കും. നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതും ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതുമായ വികസന പദ്ധതികള്‍ ഭക്തരുടെ മുന്നില്‍ അവതരിപ്പിക്കുകയും, അവയെക്കുറിച്ച് അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്യും.

മുഖ്യമന്ത്രി മുഖ്യ രക്ഷാധികാരിയായും മറ്റ് മന്ത്രിമാര്‍ രക്ഷാധികാരികളായും, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി പരിപാടിയുടെ സ്വാഗത സംഘം രൂപീകരിക്കും. ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസ സമൂഹത്തിലെ മറ്റ് വിഭാഗങ്ങളെയും ഉള്‍പ്പെടുത്തും. പത്തനംതിട്ട കളക്ടറുടെ നേതൃത്വത്തില്‍ ഒരാഴ്ചയ്ക്കകം പമ്പയില്‍ ഒരു സ്വാഗത സംഘം വിളിച്ചു ചേര്‍ക്കാനും പരിപാടിയുടെ ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ആഗോള അയ്യപ്പസംഗമത്തിന്റെ ആലോചന യോഗം മന്ത്രി വി എന്‍ വാസവന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ചേര്‍ന്നു. മന്ത്രിമാരായ സജി ചെറിയാന്‍, പി എ മുഹമ്മദ് റിയാസ്, എം എല്‍ എ മാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജെനീഷ് കുമാര്‍, എഡിജിപി എസ് ശ്രീജിത്ത്, പത്തനംതിട്ട കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്, കമ്മീഷണര്‍ പ്രകാശ് സി വി, വിവിധ വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments