തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി സൂംബ പരിശീലിപ്പിക്കുന്നതിൽ വിവാദം മുറുകുന്നതിനിടെ സൂംബ, എയ്റോബിക് ഉൾപ്പെടെ വ്യായാമങ്ങൾ സ്ഥിരമായി നടപ്പാക്കാൻ നിർദേശിച്ച് സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ മാർഗരേഖ പുറത്തിറക്കി. ഏതാനും ദിവസം മുമ്പ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി യോഗം അംഗീകരിച്ച മാസ്റ്റർ പ്ലാനിലാണ് വിവാദങ്ങളെ തള്ളി, വിവിധ വ്യായാമങ്ങൾ കുട്ടികളെ പരിശീലിപ്പിക്കാൻ നിർദേശിക്കുന്നത്. എല്ലാ കുട്ടികൾക്കും പങ്കാളിത്തമുറപ്പാക്കി പൊതുപരിശീലന പരിപാടികൾ സംഘടിപ്പിക്കണമെന്ന് മാർഗരേഖ പറയുന്നു. എയ്റോബിക് പരിശീലനം, ആരോഗ്യബോധവത്കരണ പരിപാടികൾ, ചടുല ചലനങ്ങളുള്ള കലാരൂപങ്ങളുടെ പരിശീലനം, സൈക്ലിങ് പരിശീലനം, ഓരോ നാട്ടിലെയും തനത് കായിക രൂപങ്ങളെ പരിചയപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്നിങ്ങനെയാണ് നിർദേശം. സ്കൂളുകളിൽ ലഹരിവിരുദ്ധ ബോധവത്കരണ ഭാഗമായാണ് സൂംബ നൃത്തം അരങ്ങേറിയതെങ്കിൽ ഒരു വർഷത്തേക്കുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കാനുള്ള മാർഗരേഖയിലാണ് വ്യായാമ പരിശീലനം സംബന്ധിച്ച പ്രത്യേക ഭാഗം ഉൾപ്പെടുത്തിയത്. കുട്ടികൾക്ക് മാനസികോല്ലാസം ഉറപ്പാക്കാനും സമ്മർദം, ആകാംക്ഷ, പരിമുറുക്കം എന്നിവയിൽനിന്ന് മോചിതമാകുന്നതിന് സഹായിക്കാനും സൂംബ പോലുള്ള കായികപ്രവർത്തനങ്ങളുണ്ടാകണമെന്ന് മാർഗരേഖ പറയുന്നു. കരിക്കുലം കമ്മിറ്റി അംഗീകരിച്ച മാർഗരേഖ അടിസ്ഥാനപ്പെടുത്തിയായിരിക്കണം സ്കൂൾതല മാസ്റ്റർ പ്ലാൻ തയാറാക്കേണ്ടത്.ആരോഗ്യകരമായ സ്ത്രീ-പുരുഷ ബന്ധവും മാർഗരേഖയിൽ തിരുവനന്തപുരം: ആരോഗ്യകരമായ സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ചും തുല്യതയെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും കാഴ്ചപ്പാട് സ്കൂൾ ഘട്ടത്തിൽ തന്നെ കുട്ടികൾക്കുണ്ടാക്കാനാവശ്യമായ പ്രവർത്തനങ്ങൾ രൂപപ്പെടുത്തണമെന്ന് സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ മാർഗരേഖ നിർദേശിക്കുന്നു. ലിംഗ പദവിയും അവസര തുല്യതയും സംബന്ധിച്ച കാഴ്ചപ്പാട് വികസിപ്പിക്കാനുതകുന്ന പ്രവർത്തനങ്ങൾ നടപ്പാക്കണമെന്നും ഇതിൽ നിർദേശിക്കുന്നു. മൂല്യനിർണയ രീതിശാസ്ത്രം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ സംഘപഠനമുൾപ്പെടെയുള്ള വൈവിധ്യ മാർഗങ്ങളിലൂടെ ആർജിക്കുന്ന അറിവുകളെയും കഴിവുകളെയും കൂട്ടായും വ്യക്തിഗതമായും വിലയിരുത്തുന്ന രീതി അവലംബിക്കുക. കുട്ടികളുടെ ശക്തി കണ്ടെത്തി കൂടുതൽ ഉയരങ്ങളിലെത്തിക്കാനും പരിമിതികളെ മറികടക്കാനാവശ്യമായ പഠന പിന്തുണ നൽകാനും അധ്യാപികയെ/ സംവിധാനത്തെ സഹായിക്കുന്ന ഉപാധി എന്ന നിലയിൽ കൂടി പരിഗണിക്കുന്നെന്നുറപ്പാക്കണമെന്നും മാസ്റ്റർ പ്ലാൻ മാർഗരേഖ നിർദേശിക്കുന്നു. നേരത്തെ പാഠ്യപദ്ധതി പരിഷ്കരണത്തിനായി തയാറാക്കിയ ചർച്ചാ രേഖയിൽ ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്നത് സംബന്ധിച്ച നിർദേശം ഉൾപ്പെടുത്തിയതും ലിംഗസമത്വം സംബന്ധിച്ച പരാമർശങ്ങളും നേരത്തെ വിവാദമായിരുന്നു. ഇതിനെ തുടർന്ന് ഇത് രേഖയിൽനിന്ന് പിൻവലിച്ചിരുന്നു.