ന്യൂഡൽഹി: സിബിഎസ്ഇ സ്കൂളുകളിൽ ഒൻപതാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് മൂന്ന് ഭാഷകളുടെ പഠനം നിർബന്ധമാകും. തെരഞ്ഞെടുക്കുന്ന മൂന്ന് ഭാഷകളിൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇന്ത്യയിലെ പ്രാദേശിക ഭാഷകളായിരിക്കണം. പുതിയ സംവിധാനം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും സിബിഎസ്ഇ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.പുതിയ പരിഷ്കാരം വിദ്യാർഥികൾക്ക് അധിക ബാധ്യതയാകാതിരിക്കാൻ പത്താം ക്ലാസിലെ ബോർഡ് പരീക്ഷയിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന മൂന്നാമത്തെ ഭാഷയ്ക്ക് ബോർഡ് പരീക്ഷ ഉണ്ടായിരിക്കില്ല. ഈ ഭാഷയുടെ മൂല്യനിർണയം പൂർണമായും സ്കൂൾ തലത്തിലായിരിക്കും. ഇതിലൂടെ വിദ്യാർഥിക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അനാവശ്യ സമ്മർദം കുറയ്ക്കാനും കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.ഇംഗ്ലീഷും ഹിന്ദിയും ഉൾപ്പെടെ 44 ഭാഷകളാണ് സിബിഎസ്ഇയുടെ പട്ടികയിലുള്ളത്. വിദേശ ഭാഷ പഠിക്കാനും വിദ്യാർഥികൾക്ക് അവസരം ഉണ്ട്. ഫ്രഞ്ച്, ജർമൻ തുടങ്ങിയ വിദേശ ഭാഷകളിൽ ഏതെങ്കിലും ഒന്ന് മൂന്നാമത്തെ ഭാഷയായി വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാം. എന്നാൽ, രണ്ട് ഇന്ത്യൻ ഭാഷകൾ തെരഞ്ഞെടുത്താൽ മാത്രമേ വിദേശ ഭാഷ പഠിക്കാൻ കുട്ടികൾക്ക് അവസരം ഉണ്ടാകൂ.ഉദാഹരണത്തിന്, ഒരു വിദ്യാർഥി ഒന്നാം ഭാഷയായി ഇംഗ്ലീഷ് തെരഞ്ഞെടുത്താൽ, മൂന്നാമത്തെ ഭാഷയായി വിദേശ ഭാഷ തെരഞ്ഞെടുക്കാൻ കഴിയില്ല. എന്നാൽ ഒന്നാം ഭാഷയായി ഉറുദുവും രണ്ടാം ഭാഷയായി ഹിന്ദിയോ തമിഴോ തെരഞ്ഞെടുത്താൽ മൂന്നാമതായി വിദേശ ഭാഷ പഠിക്കാം.



