ന്യൂഡൽഹി: വടക്കൻ സിക്കിമിലെ ചാറ്റൻ പ്രദേശത്ത് ഞായറാഴ്ച വൈകുന്നേരം ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിക്കുകയും ആറ് സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതാവുകയും ചെയ്തു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലും പാലം തകർച്ചയും ടീസ്റ്റ നദിയിലെ ജലനിരപ്പ് ഉയരലും കാരണം ലാച്ചൻ, ലാച്ചുങ് മേഖലകളിൽ ആയിരത്തിലധികം വിനോദസഞ്ചാരികൾ കുടുങ്ങി. മണ്ണിടിച്ചിൽ സമീപത്തെ ജനവാസ കേന്ദ്രങ്ങൾക്ക് വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ദുരിതബാധിത പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലാച്ചുങ്ങിൽ കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനായി ഏകോപിതമായ ഒഴിപ്പിക്കൽ ശ്രമം നടക്കുന്നുണ്ട്. ലാച്ചുങ് ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് ഗ്യാറ്റ്സോ ലാച്ചുങ്പ, പോലീസ്, വനം ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരോടൊപ്പം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ലച്ചുങ്പ സമൂഹത്തിലെ അംഗങ്ങളും ഹോട്ടൽ ഉടമകളും സന്ദർശകരുടെ സുരക്ഷയ്ക്ക് വ്യക്തിപരമായ ഉത്തരവാദിത്തം ഏറ്റെടുത്ത് രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട്. അവർ ലോജിസ്റ്റിക് പിന്തുണ നൽകുകയും ലഗേജ് കൊണ്ടുപോകുകയും ദുഷ്കരമായ ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ കുട്ടികളെ സഹായിക്കുകയും ചെയ്യുന്നു.
വെള്ളിയാഴ്ച അപ്പർ ദൊസോംഗുവിലെ ഷിപ്ഗ്യറിൽ ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ഒഴിപ്പിക്കൽ പ്രക്രിയയിൽ കാലതാമസം നേരിട്ടതായി മംഗൻ ജില്ലാ പോലീസ് സൂപ്രണ്ട് ദെച്ചു ഭൂട്ടിയ സ്ഥിരീകരിച്ചു. തിങ്കളാഴ്ച ഒഴിപ്പിക്കൽ പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.