സന്തോഷ് ട്രോഫിയിൽ 16-ാം തവണ ഫൈനൽ കളിക്കാൻ കേരളം ഇറങ്ങുന്നു. ഇന്ന് രാത്രി 7.30ന് ഹൈദരാബാദ് ഗച്ചിബൗളിയിലെ ജിഎംസി ബാലയോഗി സ്റ്റേഡിയത്തിലാണ് മത്സരം. അപരാജിതരായി ഫൈനലിലേക്ക് കുതിച്ച കേരളത്തിന് ഇനി കിരീടത്തിലേക്ക് എത്താൻ ബംഗാൾ കടമ്പ കടന്നാൽ മതിയാകും. എതിരാളികളുടെ വല നിറച്ച് മുന്നേറുന്ന കേരളം ഗ്രൂപ്പ് ഘട്ടംമുതൽ 10 കളിയിൽ 35 ഗോൾ അടിച്ചു കൂട്ടിയിട്ടുണ്ട്. 47-തവണ ഫൈനൽ കളിക്കുകയും 32 തവണ കിരീടം നേടുകയും ചെയ്ത ബംഗാൾ സർവീസസിനെ 4-2ന് മറികടന്നാണ് ഫൈനലിലേക്കെത്തിയത്. സെമിയിൽ മണിപ്പുരിനെ 5-1ന് തകർത്ത ആത്മവിശ്വാസത്തോടെയാണ് കേരളം ഫൈനലിനായി ബൂട്ട് കെട്ടുന്നത്.
ഫൈനൽ റൗണ്ടിലെ മത്സരങ്ങളുടെ കണക്കെടുത്താൽ കേരളവും ബംഗാളും തുല്യശക്തികളാണ്. ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാരായി ബംഗാളും, ഗ്രൂപ്പ് ബി യിൽ ഒന്നാം സ്ഥാനക്കാരായിയാണ് കേരളവും ക്വാർട്ടറിലേക്കെത്തിയത്. സന്തോഷ്ട്രോഫിയുടെ ചരിത്രത്തിൽ അഞ്ചാംതവണയാണ് ഇരു ടീമുകളും ഫൈനലിൽ എത്തുന്നത്. 1989 ൽ ഗുവാഹത്തിയിലാണ് ആദ്യമായി ഫൈനലിൽ ഏറ്റുമുട്ടിയത്. നാലുതവണയും ഷൂട്ടൗട്ടാണ് വിജയികളെ നിശ്ചയിച്ചത്. രണ്ട് തവണ ബംഗാൾ ജയിച്ചപ്പോൾ രണ്ട് തവണ കേരളവും കപ്പിൽ മുത്തമിട്ടു.