തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും വേനൽമഴക്ക് സാധ്യത. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂട് തുടരുകയാണ്. ഒരാഴ്ചയ്ക്കകം താപനില 46 ഡിഗ്രി സെൽഷ്യസ് കടക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് നിലനിൽക്കുകയാണ്. ഉഷ്ണ തരംഗത്തിന്റെ സാഹചര്യത്തിൽ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് അറിയിച്ചു. ഡൽഹി എയിംസ് അടക്കമുള്ള ആശുപത്രികളിൽ പ്രത്യേക സൂര്യതാപ സെന്ററുകൾ പ്രവർത്തനം ആരംഭിച്ചു. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 43 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില.



