തിരുവനന്തപുരം: പരിശോധനകള്‍ വീടിനോട് ചേര്‍ന്നുള്ള ആരോഗ്യകേന്ദ്രത്തിലോ ആശുപത്രിയിലോ സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമാകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പ് ‘നിര്‍ണയ’ എന്ന വിപുലമായ പദ്ധതി ആവിഷ്‌കരിച്ചതായി മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 14 ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളുടെയും ആശുപത്രികളുടെയും ലാബുകള്‍ ഒരു ഏകീകൃത ശൃംഖലയിലൂടെയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. 1300 സര്‍ക്കാര്‍ ലാബുകള്‍ ആണ് ഈ ശൃംഖലയുടെ ഭാഗമായുള്ളത്.
131 തരം പരിശോധനകള്‍ ഇനി വീടിനടുത്ത് തന്നെ ചെയ്യാന്‍ സാധിക്കും. ഡോക്ടര്‍ നിര്‍ദേശിക്കുന്ന പരിശോധനകള്‍ക്കായി സാമ്പിളുകള്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രങ്ങളില്‍ ഉള്ള ലാബുകളില്‍ നിന്ന് തന്നെ ശേഖരിക്കും. അവിടെ നടത്താനാവാത്ത ഉയര്‍ന്ന തല പരിശോധനകള്‍ ഹബ് ലാബുകളിലേക്ക് അയക്കും. പരിശോധനാഫലങ്ങള്‍ രോഗിക്ക് തങ്ങളുടെ മൊബൈല്‍ ഫോണിലൂടെയും ലഭ്യമാകും. ഹബ് ആന്‍ഡ് സ്‌പോക്ക് മാതൃകയില്‍ ലാബ് ശൃംഖല സജ്ജമാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളമെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ആരോഗ്യവകുപ്പിന്റെ അഭിമാനപദ്ധതിയായ നിര്‍ണ്ണയയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ വെച്ച് നിര്‍വ്വഹിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി



