ഷാര്‍ജയില്‍ തീപിടിച്ച ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാല് ആഫ്രിക്കന്‍ വംശജരും ഒരു പാകിസ്താന്‍ സ്വദേശിയും മരിച്ചു. ഷാര്‍ജ അല്‍നഹ്ദയിലെ 51 നില കെട്ടിടത്തില്‍ ആണ് അഗ്‌നിബാധയുണ്ടായത്. ആറ് പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീ പിടിത്തമുണ്ടായപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇവർ കെട്ടിടത്തില്‍ നിന്ന് വീഴുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവം കണ്ടുനിന്ന പാകിസ്താനി സ്വദേശി
ഹൃദയാഘാതം മൂലമാണ് മരിച്ചത്. മരിച്ച പാക്കിസ്ഥാനിക്ക് പൊള്ളലേറ്റിട്ടില്ലെന്നും സംഭവത്തിന്റെ ആഘാതം മൂലം അദ്ദേഹം കുഴഞ്ഞുവീണതാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. ഒന്നിലധികം സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്‌നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി താമസക്കാരെ ഒഴിപ്പിച്ചു. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.