Monday, April 6, 2026
No menu items!
Homeവാർത്തകൾഷാര്‍ജയിലെ ഖോര്‍ഫക്കാന്‍ തുറമുഖം ലക്ഷ്യമിട്ട് ഇറാന്റെ വ്യോമാക്രമണം; കടലിടുക്ക് തുറന്നു കൊടുത്തില്ലെങ്കില്‍ ഇറാൻ നരകതുല്യമായ...

ഷാര്‍ജയിലെ ഖോര്‍ഫക്കാന്‍ തുറമുഖം ലക്ഷ്യമിട്ട് ഇറാന്റെ വ്യോമാക്രമണം; കടലിടുക്ക് തുറന്നു കൊടുത്തില്ലെങ്കില്‍ ഇറാൻ നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരുമെന്ന് ആവർത്തിച്ച് ട്രംപ്

ഷാർജ: ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെയുള്ള ഇറാന്റെ ആക്രമണം തുടരുന്നു. യുഎഇയിലെ ഷാര്‍ജ ഭരണകൂടത്തിന് കീഴിലുള്ള ഖോര്‍ഫക്കാന്‍ തുറമുഖം ഇറാനിയന്‍ സേന ലക്ഷ്യം വച്ചതായി റിപ്പോര്‍ട്ട്. തുറമുഖത്തിനു നേരെ ഇറാന്‍ വ്യോമാക്രമണം നടത്തിയെന്നു ഷാര്‍ജ തുറമുഖ അധികൃതര്‍ സ്ഥിരീകരിച്ചു.

തുറമുഖത്തു നങ്കൂരമിട്ട ഒരു കപ്പലിനു സമീപം മിസൈല്‍ വന്നു പതിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.

അതിനിടെ ഇറാനെതിരെ ഭീഷണിയും അസഭ്യവര്‍ഷവുമായി ട്രംപ് രംഗത്തെത്തി. തിങ്കളാഴ്ചയ്ക്കകം ഹോര്‍മൂസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും എന്നാണ് ട്രംപിന്റെ പ്രതികരണം. കടലിടുക്ക് തുറന്നു കൊടുത്തില്ലെങ്കില്‍ ഇറാന്‍ നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരുമെന്നും ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച പോസ്റ്റില്‍ ട്രംപ് പറഞ്ഞു.
തിങ്കളാഴ്ച നിര്‍ണായകമാണെന്നാണ് ട്രംപ് നല്‍കുന്ന സൂചന. ‘പവര്‍ പ്ലാന്റ് ഡേ’, ‘ബ്രിഡ്ജ് ഡേ’ എന്നിങ്ങനെയാണ് ചൊവ്വാഴ്ചയെ അദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ളത്. ഇറാന്റെ ഊര്‍ജ്ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന സൂചനയാണിതെന്നാണ് വിലയിരുത്തല്‍. ഇറാന്‍ വെടിവച്ചിട്ട യുഎസ് വിമാനത്തിലെ പൈലറ്റിന്റെ അരോഗ്യസ്ഥിതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്കൊപ്പമാണ് ട്രംപിന്റെ പ്രതികരണം.

ട്രംപിന്റെ ഭീഷണിക്കു മറുപടിയുമായി ഇറാന്‍ ലോക രാഷ്ട്രങ്ങള്‍ ഇടപെടണമെന്നു ആവശ്യപ്പെട്ട് രംഗത്തെത്തി. ആക്രമണം കടുപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സംഘര്‍ഷത്തില്‍ ലോക രാഷ്ട്രങ്ങളുടെ ഇടപെടല്‍ അഭ്യര്‍ഥിച്ച് ഇറാന്‍ രംഗത്തെത്തിയത്.

ഇറാന് നരക തുല്യമായ അവസ്ഥയുണ്ടാകുമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവന യുദ്ധകുറ്റം ചെയ്യുമെന്ന പ്രഖ്യാപനമാണ്. ട്രംപിന്റെ ‘ക്രൂരമായ പ്രവൃത്തികള്‍’ തടയാന്‍ ലോകത്തോട് അഭ്യര്‍ഥിക്കുന്നു എന്നാണ് ഇറാന്റെ പ്രതികരണം. യുഎന്നിലെ ഇറാന്‍ പ്രതിനിധിയാണ് അഭ്യര്‍ഥനയുമായി രംഗത്തെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments