തിരുവനന്തപുരം: കേരളത്തിലെ ശുദ്ധജല മത്സ്യകൃഷി മേഖലയിൽ ഒരു പുതിയ പാത തുറന്ന് നെയ്യാർ റിസർവോയറിലെ കൂട് മത്സ്യകൃഷി പദ്ധതി ആഗോള ശ്രദ്ധ ആകർഷിക്കുന്നു. ശുദ്ധജലാശയങ്ങളിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കരിമീൻ കൃഷിയും കൂടുകളിലെ വരാൽ കൃഷിയും ആഗോളതലത്തിൽ ആദ്യമായി നടപ്പാക്കിയ ഈ സംരംഭം, സാങ്കേതിക നേട്ടങ്ങൾക്കൊപ്പം ഒരു സാമൂഹിക മുന്നേറ്റം കൂടിയാണ്. പദ്ധതി തുടങ്ങി ഒരു വർഷം പിന്നിടുമ്പോൾ വിദേശരാജ്യങ്ങളിൽ നിന്നടക്കം അന്വേഷണങ്ങൾ പ്രവഹിക്കുകയാണ്. ഈ സംരംഭം ലോകത്തിന് ഒരു മാതൃകയായി മാറുന്നതിന്റെ സൂചനയാണ് ഇത്. തദ്ദേശീയ മത്സ്യ ഇനങ്ങളെ മാത്രം ഉപയോഗിച്ച്, റിസർവോയറിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കി എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഡാമുകളുടെ നിർമ്മാണം, അശാസ്ത്രീയ മത്സ്യബന്ധനം തുടങ്ങിയ കാരണങ്ങളാൽ മത്സ്യസമ്പത്ത് കുറയുകയും തൽഫലമായി മത്സ്യബന്ധനം ഉപജീവനമാർഗ്ഗമാക്കിയ ഗോത്രവിഭാഗക്കാർക്ക് തൊഴിൽ നഷ്ടമാവുകയും ചെയ്ത ഒരു സാഹചര്യത്തിലാണ് സർക്കാർ ഈ പദ്ധതിക്ക് രൂപം നൽകിയത്. ഗോത്രവിഭാഗങ്ങൾക്ക് സ്ഥിരമായ ഉപജീവനം ഉറപ്പുവരുത്തുക, അവർക്കിടയിലെ പ്രോട്ടീൻ ക്ഷാമം പരിഹരിക്കുക, പ്രദേശവാസികൾക്ക് കലർപ്പില്ലാത്ത മത്സ്യം ലഭ്യമാക്കുക തുടങ്ങിയ അടിസ്ഥാന ലക്ഷ്യങ്ങളോടെയാണ് പദ്ധതി മുന്നോട്ട് പോകുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎംഎംഎസ്വൈയിൽ ഉൾപ്പെടുത്തി 10.81 കോടി രൂപ ചെലവിലാണ് ‘പാർട്ടിസിപ്പേറ്ററി ഇന്റഗ്രേറ്റഡ് ഫിഷറീസ് ഡെവലപ്മെന്റ് ഇൻ സെലക്റ്റഡ് റിസർവ്വോയേഴ്സ് ഓഫ് കേരള’ എന്ന ഈ സംരംഭം നെയ്യാർ, പീച്ചി, ഇടുക്കി റിസർവോയറുകളിൽ നടപ്പാക്കാൻ തീരുമാനിച്ചത്.
പദ്ധതിയുടെ നിർവ്വഹണത്തിനായി പുരവിമല സെറ്റിൽമെന്റിലെ 14 ഗോത്രവിഭാഗം ജീവനക്കാർക്കാണ് തൊഴിൽ നൽകിയത്. മത്സ്യബന്ധന വകുപ്പിന് കീഴിലുള്ള എഡിഎകെ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. പെരുവണ്ണാമൂഴി റിസർവോയറിൽ പ്രാഥമിക പരിശീലനവും തുടർന്ന് നെയ്യാറിൽ വെച്ച് കരിമീൻ, വരാൽ കൃഷിരീതികളെക്കുറിച്ച് നിരന്തര പരിശീലനവും ഇവർക്ക് നൽകി. വന്യജീവി സംരക്ഷിത മേഖലയായതിനാൽ വനം വകുപ്പിന്റെ അനുമതി ഉറപ്പുവരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഗോത്രവിഭാഗക്കാർ തന്നെ ഗുണഭോക്താക്കളാകണം, വളർത്തുന്ന മത്സ്യങ്ങൾ തദ്ദേശമത്സ്യങ്ങളായിരിക്കണം എന്നീ വ്യവസ്ഥകൾ പാലിച്ചുകൊണ്ടാണ് പുരവിമല കടവിന് സമീപം 100 എച്ച്ഡിപിഇ ഫ്ലോട്ടിംഗ് കേജുകൾ സ്ഥാപിച്ചത്



