കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിനായി തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിച്ച് ഹൈക്കോടതി. ദേവസ്വം ബോർഡും കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡും അംഗീകരിച്ച തന്ത്ര വിദ്യാലയങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് യോഗ്യതയായി നിഷ്കർഷിച്ച നടപടി ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസുമാരായ വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
ശാന്തി നിയമനത്തിനുള്ള യോഗ്യത നിശ്ചയിക്കാനും ചട്ടങ്ങൾ രൂപീകരിക്കാനുമുള്ള വെെദഗ്ധ്യം റിക്രൂട്ട്മെന്റ് ബോർഡിന് ഇല്ലെന്നും മാനദണ്ഡ തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അഖിലകേരള തന്ത്രി സമാജം സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് തള്ളിയത്. ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് കോടതി വ്യക്തമാക്കി. പാരമ്പര്യ തന്ത്രിമാരുടെ കീഴിൽ പൂജ പഠിച്ചവരെയെ പാർട്ട് ടൈം ശാന്തിമാരായി നിയമിക്കാവൂയെന്ന വാദവും കോടതി നിരാകരിച്ചു.
താന്ത്രിക് വിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങളെ വിലയിരുത്താനും അംഗീകാരം നൽകാനുമുള്ള വൈദഗ്ധ്യമോ നിയമപരമായ അധികാരമോ തിരുവിതാംകൂർ ദേവസ്വം ബോർഡിനും കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡിനും (കെഡിആർബി) ഇല്ലെന്നാണ് അഖില കേരള തന്ത്രി സമാജം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പാർട്ട് ടൈം തന്ത്രിമാരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് 2023 ൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ നിഷ്കർഷിച്ച യോഗ്യതയാണ് ചോദ്യം ചെയ്തത്.
യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത് ഭരണഘടനാപരമായ തുല്യത ഉറപ്പാക്കുമെന്ന് കോടതി വ്യക്തമാക്കി. പാരമ്പര്യത്തിനു മാത്രം പ്രാധാന്യം നൽകുന്നത് അംഗീകരിക്കാനാകില്ല. സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അംഗീകാരത്തോടെയാണ് റിക്രൂട്ട്‌മെന്റ് ബോർഡ് തീരുമാനങ്ങൾ നടപ്പാക്കുന്നത്. തന്ത്രവിദ്യാലയങ്ങൾക്ക് അക്രഡിറ്റേഷൻ നൽകുന്നത് കുറ്റമറ്റരീതിയിലാണ്. ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിനും പൊതുനയത്തിനും വിരുദ്ധമായ ആചാരങ്ങൾക്ക് കോടതിയുടെ സംരക്ഷണം ഉണ്ടാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി



