Tuesday, December 23, 2025
No menu items!
Homeവാർത്തകൾശബരിമല സ്വര്‍ണക്കൊള്ള കേസിൽ വീണ്ടും നിര്‍ണായക അറസ്റ്റ്. 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന...

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ വീണ്ടും നിര്‍ണായക അറസ്റ്റ്. 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എന്‍ വാസുവിന് പിന്നാലെ വീണ്ടും നിര്‍ണായക അറസ്റ്റ്. 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് പത്മകുമാറിന്‍റെ അറസ്റ്റ്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍. ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊല്ലം വിജി കോടതിയിൽ ഇന്ന് തന്നെ പത്മകുമാറിനെ ഹാജരാക്കും.

കട്ടിള പാളി കേസിൽ ബോർഡിൻ്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് എസ്ഐടിയുടെ പ്രാഥമിക കണ്ടെത്തൽ. കേസില്‍ എട്ടാം പ്രതിയായി എ പത്മകുമാര്‍ അധ്യക്ഷനായ 2019ലെ ബോര്‍ഡിനെ പ്രതി ചേര്‍ത്തിരുന്നു. ബോർഡിൻ്റെ അറിവോടെയാണ് പാളികൾ ഇളക്കിയെടുത്ത് പോറ്റിക്ക് കൊടുത്തത് എന്നാണ് എസ്ഐടി തയ്യാറാക്കിയ എഫ് ഐ ആർ. അറസ്റ്റിലായ മുരാരി ബാബു ഉൾപ്പെടെ ഉദ്യോഗസ്ഥരും ബോർഡ് തീരുമാനം എന്നാണ് മൊഴി നൽകിയത്. 2019 ൽ പത്മകുമാറിന്റെ സഹായികളായി നിന്ന മറ്റു ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. പോറ്റിക്ക് ശബരിമലയിൽ പത്മകുമാർ സർവ്വ സ്വാതന്ത്ര്യം കൊടുത്തിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ആദ്യം അന്വേഷിച്ച ദേവസ്വം വിജിലൻസും ബോർഡിൻ്റെ പങ്ക് കണ്ടെത്തിയിരുന്നു.

ഇതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിനെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ വിട്ടു. രാവിലെ 11 മണിയ്ക്ക് കസ്റ്റഡി അപേക്ഷ പരിഗണിച്ച കൊല്ലം വിജിലൻസ് കോടതി വൈകിട്ട് 4 മണി വരെ വാസുവിനെ കസ്റ്റഡിയിൽ നൽകുകയായിരുന്നു. കൊട്ടാരക്കര സബ് ജയിലിൽ കഴിഞ്ഞ വാസുവിനെ വൻ പൊലീസ് സുരക്ഷയിലാണ് കോടതിയിൽ എത്തിച്ചത്. കസ്റ്റഡിയിൽ വാങ്ങിയ വാസുവുമായി പോയ പൊലീസ് വാഹനത്തിന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയാണ് വാഹനം കടത്തിവിട്ടത്. മുൻ കമ്മീഷണറും പ്രസിഡൻറുമായ എൻ.വാസു സ്വർണപാളി കേസിൽ മൂന്നാം പ്രതിയാണ്. സ്വർണ്ണക്കൊള്ളയിൽ പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷയിലും ഇന്ന് വാദം തുടരും. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും മുരാരി ബാബു പ്രതിയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments