പത്തനംതിട്ട: ശബരിമല ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിതരണം ചെയ്യാനുള്ള അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ്ണ നാണയങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള കരാര്‍ കല്യാണ്‍ ജ്വല്ലേഴ്സിനും തമിഴ്നാട്ടിലെ ജി ആര് ടി ജ്വല്ലേഴ്സിനും നല്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 1 ഗ്രാം, 2 ഗ്രാം, 4 ഗ്രാം, 8 ഗ്രാം ഭാരത്തില്‍ ലഭ്യമായ ഈ 22 കാരറ്റ് സ്വര്‍ണ ലോക്കറ്റുകള്‍ ദേവസ്വം സ്റ്റാളുകള്‍ വഴി ഭക്തര്‍ക്ക് വില്‍ക്കും.
തീര്‍ത്ഥാടകര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ളതും ഹാള്‍മാര്‍ക്ക് ചെയ്തതുമായ സുവനീറുകള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ അവരുടെ ആത്മീയ അനുഭവം വര്‍ധിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. 2024 ഡിസംബറില്‍ ബോര്‍ഡ് ഈ സ്വര്‍ണ ലോക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള ടെന്‍ഡറുകള്‍ പുറപ്പെടുവിച്ചിരുന്നു. എല്ലാ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളും പാലിക്കുകയും മത്സര നിരക്കുകള്‍ വാഗ്ദാനം ചെയ്യുകയും ചെയ്ത് കൊണ്ട് കല്യാണ്‍ ജ്വല്ലേഴ്സാണ് മികച്ച ലേലക്കാരനായി ഉയര്‍ന്ന് വന്നത്.
ക്ഷേത്രം തുറന്നിരിക്കുന്ന വരും മാസങ്ങളില്‍ ലോക്കറ്റുകള്‍ ബുക്കിംഗിനായി ലഭ്യമാകും. പ്രാരംഭ സ്റ്റോക്കുകള്‍ പരിമിതമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ”ഈ പവിത്രമായ ഉത്തരവാദിത്തത്തിനായി തിരഞ്ഞെടുക്കപ്പെട്ടത് അയ്യപ്പ സ്വാമിയില്‍ നിന്നുള്ള ഒരു ദിവ്യാനുഗ്രഹമാണ്. ഭക്തര്‍ക്ക് ആധികാരികവും ഉയര്‍ന്ന നിലവാരമുള്ളതുമായ വഴിപാടുകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാകുന്നതില്‍ സന്തോഷമുണ്ട്,’ കല്യാണ്‍ ജ്വല്ലേഴ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ ടി എസ് കല്യാണരാമന് പറഞ്ഞു.
തീര്‍ത്ഥാടകര്‍ക്ക് വിഷുക്കൈനീട്ടമായി അയ്യപ്പ സ്വാമിയുടെ സ്വര്‍ണ ലോക്കറ്റ് ഏപ്രില്‍ 14 നാണ് സന്നിധാനത്തു പുറത്തിറക്കുക. രണ്ട് ദിവസം മുന്‍പ് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗമാണ് ഇതിന് അനുമതി നല്‍കിയത്. ഓണ്‍ലൈനായും ദേവസ്വം ഓഫിസില്‍ പണമടച്ചും സ്വര്‍ണ നാണയം വാങ്ങാം. ശ്രീകോവിലില്‍ പൂജിച്ച ശേഷമാണ് ലോക്കറ്റുകള്‍ ഭക്തര്‍ക്ക് നല്‍കുക എന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. വില്‍ക്കുന്ന ലോക്കറ്റുകളുടെ നിശ്ചിത ശതമാനം തുക ദേവസ്വം ബോര്‍ഡിന് തന്നെയാണ് ലഭിക്കുക. ലോക്കറ്റുണ്ടാക്കാന് ദേവസ്വത്തിന്റെ സ്വര്‍ണം ഉപയോഗിക്കാത്തതിനാല്‍ ഹൈക്കോടതിയുടെ അനുമതി ആവശ്യമില്ല എന്ന നിയമോപദേശം നേരത്തെ തന്നെ ലഭിച്ചിരുന്നു. വിഷുവിനു തന്നെ ലോക്കറ്റ് പുറത്തിറക്കാന്‍ തീരുമാനിച്ചതായി ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞു.