ന്യൂഡൽഹി: തൊഴിലില്ലാത്തവരെ വിമർശിച്ചുള്ള ചീഫ് ജസ്റ്റിസ് എ. സൂര്യകാന്തിന്റെ വിവാദ പരാമർശത്തിന് പിന്നാലെ, സമൂഹ മാധ്യമങ്ങളിൽ വൻ ജനപ്രീതി നേടിയ ആക്ഷേപഹാസ്യ ഓൺലൈൻ രാഷ്ട്രീയ കൂട്ടായ്മ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (സി.ജെ.പി) എക്സ് അക്കൗണ്ട് ഇന്ത്യയിൽ റദ്ദാക്കി. ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടി മുന്നേറുന്നതിനിടെയാണ് അക്കൗണ്ട് വ്യാഴാഴ്ച റദ്ദാക്കിയത്. നിയമപരമായ ആവശ്യത്തെത്തുടർന്നാണ് നടപടിയെന്നാണ് എക്സ് പ്ലാറ്റ്ഫോം നൽകുന്ന വിശദീകരണം. റദ്ദാക്കിയതിന് തൊട്ടുപിന്നാലെ ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിൽ ആരംഭിച്ച പുതിയ അക്കൗണ്ടിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജോലിയില്ലാത്ത യുവാക്കളെ പാറ്റകളോട് (കോക്രോച്ച്) ഉപമിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശം വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മടിയന്മാർക്കും തൊഴിലില്ലാത്തവർക്കും ഒത്തുചേരാനുള്ള ഇടമാണിതെന്ന മുഖവുരയോടെ യു.എസിലെ ബോസ്റ്റൺ സർവകലാശാലയിൽ പബ്ലിക് റിലേഷൻസ് വിദ്യാർഥി അഭിജീത് ദിപ്കെ ‘കോക്രോച്ച് ജനതാ പാർട്ടി’ സമൂഹ മാധ്യമങ്ങളിൽ ആരംഭിച്ചത്. പാർട്ടിയിൽ ചേരാൻ താൽപര്യമുള്ളവർക്കായി അദ്ദേഹം ഗൂഗ്ൾഫോം ലിങ്കും പങ്കുവെച്ചു. നാല് ദിവസംകൊണ്ട് ഇൻസ്റ്റഗ്രാമിൽ സി.ജെ.പി 1.35 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കി ബി.ജെ.പിയെ മറികടന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പാർട്ടി എന്നാണ് അവർ സ്വയം വിശേഷിപ്പിക്കുന്നതെന്ന് ബി.ജെ.പിയെ പരിഹസിച്ച് പോസ്റ്റിടുകയും ചെയ്യുകയുണ്ടായി. അക്കൗണ്ട് പൂട്ടുമെന്ന് പ്രതീക്ഷിച്ചതാണെന്നും പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നതായും അഭിജീത് പറഞ്ഞു. ഏതാനും മണിക്കൂറുകൾക്കകമാണ് കോക്രോച്ച് ജനതാ പാർട്ടി എന്ന പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് ലക്ഷക്കണക്കിന് ഫോളോവർമാരായത്. സമീപകാലത്തൊന്നും രാജ്യം കണ്ടില്ലാത്തൊരു ഡിജിറ്റൽ തരംഗമായിരുന്നു അത്. അധികാര വർഗത്തിന്റെ അരാഷ്ട്രീയവും ധാർഷ്ട്യം നിറഞ്ഞതുമായ പ്രസ്താവനകളോടുള്ള രാജ്യത്തെ പുതുതലമുറയുടെ രാഷ്ട്രീയ പ്രതിഷേധമായിരുന്നു ആ പേജുകൾ. വെറുമൊരു തമാശക്ക് അല്ലെങ്കിൽ നവസമൂഹ മാധ്യമങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ‘മീം’ ആയി തുടങ്ങിയ ഈ തരംഗമിപ്പോൾ ശരിക്കും ഭരണകൂടത്തെയും ബി.ജെ.പിയെയുമെല്ലാം വിറളി പിടിപ്പിച്ചിരിക്കുന്നു. സി.ജെ.പിയുടെ തുടക്കം മേയ് 15ന് ഒരു ഹരജി പരിഗണിക്കവെ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സോഷ്യൽ മീഡിയയിൽ സജീവമായ ഉദ്യോഗസ്ഥരെയും യുവാക്കളെയും ‘പാറ്റകൾ’ (Cockroaches), ‘പരാദങ്ങൾ’ (Parasites) എന്നിങ്ങനെയൊക്കെ ഉപമിച്ചത് വലിയ വാർത്തയായിരുന്നു. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചുവെങ്കിലും നീതിപീഠത്തിൽനിന്നുണ്ടായ ആ പ്രയോഗം വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. തുടർന്നാണ് ‘കോക്രോച്ച് ജനതാ പാർട്ടി’ സോഷ്യൽ മീഡിയ കാമ്പയിൽ ആരംഭിച്ചത്. തുടക്കത്തിൽ ഒരു തമാശ എന്ന നിലയിൽ ആളുകൾ കാമ്പയിന്റെ ഭാഗമായി. പിന്നീട് ചർച്ചകൾ ഗൗരവമായതോടെ അതൊരു ‘രാഷ്ട്രീയ മുന്നേറ്റം’ കൂടിയായി പരിണമിച്ചു. സത്യത്തിൽ ഇതൊരു രാഷ്ട്രീയ പ്രസ്ഥാനമല്ല. എന്നാൽ, നിലവിലെ രാഷ്ട്രീയ സംസ്കാരം, അഴിമതി തുടങ്ങിയ വിഷയങ്ങളിൽ യുവതലമുറയുടെ വികാരം ഇതിൽ പ്രതിഫലിക്കുന്നുണ്ട്. അത് ട്രോളുകളായും മീമുകളായും അവർ അവതരിപ്പിക്കുന്നു. അതിനുള്ള സ്വതന്ത്ര പ്ലാറ്റ്ഫോം ആണ് സി.ജെ.പി. ‘യുവാക്കളുടെ, യുവാക്കൾക്ക് വേണ്ടിയുള്ള, യുവാക്കൾ നയിക്കുന്ന രാഷ്ട്രീയ മുന്നണി’ എന്നാണ് ഇവർ സ്വയം വിശേഷിപ്പിക്കുന്നത്. സി.ജെ.പിക്ക് രാഷ്ട്രീയ രംഗത്തെ പ്രമുഖരും പിന്തുണയുമായി വന്നു. ‘പാർട്ടി’യിൽ അംഗത്വമെടുക്കാൻ താൽപര്യം പ്രകടിപ്പിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര എക്സിൽ കുറിപ്പിട്ടതും വൈറലായി.



