ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ എസ്ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി ഒരാഴ്ച കൂടി നിട്ടീ സുപ്രീം കോടതി. വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ പാടില്ലെന്ന് എല്ലാം സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോടതി മുന്നറിയിപ്പ് നല്കി. ബംഗാളിലെ വോട്ടര്‍പട്ടിക പുതുക്കല്‍ നടപടിയെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി മമത ബാനര്‍ജി സമര്‍പ്പിച്ച ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. മമതാ ബാനര്‍ജിയുടെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി എസ്ഐആര്‍ നടപടികള്‍ ഒരാഴ്ച കൂടി നീട്ടി നല്‍കിയത്.
നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം പതിനാലാം തീയതി എസ്ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി. നിലവില്‍ പല അപേക്ഷകളിലും തീരുമാനമെടുത്തിട്ടില്ലെന്ന്
മമതാ ബാനര്‍ജിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചു. സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കുന്നതിനും മറ്റ് നടപടി ക്രമങ്ങള്‍ക്കുമായാണ് സുപ്രീം കോടതി ഒരാഴ്ച കൂടി അനുവദിച്ചത്.
ആവശ്യമായ ഉത്തരവുകളോ വിശദീകരണങ്ങളോ ഞങ്ങള്‍ നല്‍കാം. എന്നാല്‍ വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ക്ക് യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകാന്‍ അനുവദിക്കില്ല. ഇത് എല്ലാ സംസ്ഥാനങ്ങളും മനസ്സിലാക്കണം,’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടപടിക്രമങ്ങള്‍ക്കിടെ പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്
ഇതിനിടെ എസ്ഐആര്‍ നടപടി ക്രമങ്ങള്‍ക്കായി 8000 ഓളം പുതിയ ഉദ്യോഗസ്ഥന്മാരുടെ പട്ടിക ബംഗാള്‍ സര്‍ക്കാര്‍ കൈമാറിയിരുന്നു. നാളെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗമായുള്ള ജില്ലാ കലക്ടര്‍മാരുടെ മുന്പില് ഹാജരാകാനും ചുമതലയേറ്റെടുക്കാനും ഈ ഉദ്യോഗസ്ഥരോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
ബംഗളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉണ്ടായ ആക്രമണങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ സത്യവാങ്മൂലം സംബന്ധിച്ച് ബംഗാള്‍ ഡിജിപിയോട് സുപ്രീം കോടതി വിശദീകരണം തേടി. ആക്രമണത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നായിരുന്നു സത്യവാങ്മൂലം



