കായംകുളം: ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടത് രോഗികളെയും ഡോക്ടർമാരെയും വലച്ചു. ഇന്നലെ പകലാണ് ഏറെനേരം ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയത്. ഓ പിയിൽ എത്തിയ രോഗികൾ കൈയിലിരുന്ന മൊബൈൽ ഫോണിന്റെ വെളിച്ചം തെളിച്ചാണ് ഡോക്ടർമാരിൽ നിന്നും കുറിപ്പടികൾ എഴുതി വാങ്ങിയത്. വൈദ്യുതി മുടങ്ങിയതോടെ ഡയാലിസിസ്, എക്സറേ,ലാബ് സേവനങ്ങൾ ഉൾപ്പെടെ തടസ്സപ്പെട്ടു. കെഎസ്ഇബിയിൽ നിന്നുള്ള വൈദ്യുത വിതരണം നിലച്ചിട്ടും ആശുപത്രിയിലെ ജനറേറ്റർ പ്രവർത്തിച്ചില്ല. ശസ്ത്രക്രിയ ഉൾപ്പെടെ നടക്കുന്ന ആശുപത്രിയിൽ വൈദ്യുതി മുടക്കം ഉണ്ടായത് ഗുരുതര വീഴ്ചയാണ്. സമീപകാലങ്ങളിൽ മിക്കപ്പോഴും വൈദ്യുതി മുടക്കം പതിവാണെങ്കിലും ജനറേറ്റർ ഉടൻ പ്രവർത്തന സജ്ജമാകാറുണ്ടായിരുന്നു. ഇന്നലെ ജനറേറ്റർ പ്രവർത്തിക്കാത്തതിന്റെ കാരണം വ്യക്തമല്ല. ഇത് സംബന്ധിച്ച് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല.



