Friday, December 26, 2025
No menu items!
Homeവാർത്തകൾവൈദ്യുതി ചാർജ് വർദ്ധന ക്രൂരമായ നടപടി; കുത്തകകമ്പനികൾക്ക് വേണ്ടിയുള്ള വർദ്ധന നടപ്പിലാക്കിയത് അടിമുടി വഞ്ചനാത്മകമായി: എസ്.യു.സി.ഐ

വൈദ്യുതി ചാർജ് വർദ്ധന ക്രൂരമായ നടപടി; കുത്തകകമ്പനികൾക്ക് വേണ്ടിയുള്ള വർദ്ധന നടപ്പിലാക്കിയത് അടിമുടി വഞ്ചനാത്മകമായി: എസ്.യു.സി.ഐ

വിലക്കയറ്റവും മറ്റ് ജീവിത ദുരിതങ്ങളും കൊണ്ട് നട്ടംതിരിയുന്ന ജനങ്ങൾക്ക് വൈദ്യുതി ചാർജ് വർദ്ധനവിലൂടെ സംസ്ഥാന സർക്കാർ ഇരുട്ടടി നൽകിയിരിക്കുകയാണെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാനക്കമ്മിറ്റി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. വൈദ്യുതി ബോർഡും താരിഫ് റഗുലേറ്ററി കമ്മീഷനും സംസ്ഥാന സർക്കാരും ഒത്തുചേർന്ന് തികച്ചും വഞ്ചനാത്മകമായാണ് ചാർജ് കൂട്ടിയിരിക്കുന്നത്. വന്നുവന്ന് ചാർജ് കൂട്ടാൻ യുക്തിസഹമായ യാതൊരു കാരണവും ആവശ്യമില്ലെന്ന് മട്ടിലാണ് ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ധിക്കാരപൂർവ്വമുള്ള ഈ നടപടി. അടിസ്ഥാന നിരക്ക് വർധനവിനോടൊപ്പം ഫിക്സഡ് ചാർജ് എന്നൊക്കെ പറഞ്ഞുള്ള നിരവധി ഇനങ്ങളിലൂടെയും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നു.

വൈദ്യുതി ഉൽപാദക കുത്തകളുടെ കൊള്ളലാഭത്തിന് ഭരണസംവിധാനങ്ങൾ വഴിയൊരുക്കുന്നത് നികൃഷ്ടമായ കാപട്യത്തിലൂടെയാണ്. 25 വർഷത്തേക്കുള്ള, താരതമ്യേന നിരക്ക് കുറഞ്ഞ ദീർഘകാല പവർ പർച്ചെയ്സ് കരാർ വൈദ്യുതി ബോർഡും സർക്കാരും, സർക്കാരിന്റെ താല്പര്യങ്ങൾക്കൊത്തു നീങ്ങുന്ന താരിഫ് റെഗുലേറ്ററി കമ്മീഷനും ചേർന്ന് റദ്ദാക്കിയിട്ട് അദാനിക്ക് വേണ്ടി നിരക്കിൽ വൻവർദ്ധനവ് വരുത്തി പുതിയ പർച്ചേസ് കരാറിൽ ഏർപ്പെട്ടത് വഴി ഉണ്ടായ അധികചെലവിന്റെ കാരണം പറഞ്ഞാണ് ഇപ്പോഴത്തെ നിരക്ക് വർദ്ധന നടത്തിയിരിക്കുന്നത്. നിരക്ക് വർദ്ധനവ് നടപ്പിലാക്കുന്നതിന് മുന്നോടിയായി ജനാഭിപ്രായം തേടാൻ എന്ന മട്ടിൽ താരിഫ് റെഗുലേറ്ററി കമ്മീഷൻ വിളിച്ചുകൂട്ടിയ സദസ്സ് ജനങ്ങളെ കബളിപ്പിക്കുവാൻ വേണ്ടി മാത്രമായിരുന്നുവെന്ന് വ്യക്തമാണ്.

താപ വൈദ്യുതിക്കുള്ള ചെലവ് കുറഞ്ഞ ഇന്ധനമായ കൽക്കരിയുടെ ഖനികളാകെ സ്വകാര്യവൽക്കരിച്ച, അദാനി അടക്കമുള്ള കുത്തകകൾക്ക് ലാഭമടിക്കുവാൻ വേണ്ടി മാത്രം പുതിയ വൈദ്യുതിനയങ്ങൾ ആവിഷ്ക്കരിച്ച കേന്ദ്രസർക്കാരും, ആ നയങ്ങൾ ശുഷ്‌കാന്തിയോടെ നടപ്പിലാക്കുന്ന പിണറായി സർക്കാരും ഈ കുറ്റകൃത്യത്തിൽ പങ്കാളികളാണ്.

പരിഷ്കൃത ജീവിതത്തിന് അനുപേക്ഷണീയമായ വൈദ്യുതിയുടെ മേൽ ചുമത്തുന്ന ഏതൊരു വർദ്ധനവും എല്ലാ ജീവിതച്ചെലവുകളും ഉയർത്തും. ജീവിതത്തകർച്ചയുടെ പടുകുഴിയിൽ നിൽക്കുന്ന ജനങ്ങൾ ഒത്തൊരുമിച്ച് ഈ സർക്കാർ ക്രൂരതയെ ചെറുത്തു പരാജയപ്പെടുത്തുവാൻ രംഗത്തിറങ്ങണമെന്ന് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments