കോട്ടയം: കോട്ടയം – എറണാകുളം റൂട്ടിലെ യാത്രാദുരിതത്തിൽ പരിഹാരമായി പുതിയ റോഡ് വരുന്നു. ദേശീയപാത 183, 66 എന്നിവയെ ബന്ധിപ്പിച്ച് കോട്ടയം – കൊച്ചി റോഡ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. നിർദിഷ്ട ഇടനാഴിക്കായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് ശുപാർശ നൽകുമെന്ന് കോട്ടയം എംപി കെ ഫ്രാൻസിസ് ജോർജ് പറഞ്ഞു. കേന്ദ്രത്തിന് ശുപാർശ നൽകാമെന്ന് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഉറപ്പ് നൽകിയെന്നും അദ്ദേഹം അറിയിച്ചു.
ദേശീയപാതാ പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ റോഡുകൾ നിർമിക്കാൻ സംസ്ഥാനത്തിൻ്റെ ശുപാർശ ആവ്യമാണ്. ഇതിനുള്ള നടപടികളാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ശുപാർശ ലഭിച്ചാലുടൻ കേന്ദ്ര ഗതാഗത വകുപ്പ് വിശദമായ പഠനത്തിനായി വിദഗ്ധ സംഘത്തെ അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്സഭയിൽ പുതിയ പാത നിർമിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും ഉറപ്പ് നൽകിയിരുന്നു. പരിസ്ഥിതിക്കും കൃഷിക്കും ദോഷം വരാത്ത നിലയിലും നീരൊഴുക്കിന് തടസ്സമില്ലാത്ത വിധത്തിലും റോഡ് എലിവേറ്റഡായി നിർമിക്കാമെന്നാണ് കേന്ദ്രമന്ത്രിയുടെ നിർദേശം.
കോട്ടയം – എറണാകുളം പാതയില്‍ നിലവില്‍ അനുഭവപ്പെടുന്ന തിരക്കിനു പുതിയപാത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കോട്ടയത്ത് നിന്ന് ആരംഭിച്ച് കുമരകം, വെച്ചൂര്‍, വൈക്കം, വഴി തൃപ്പൂണിത്തുറ മാര്‍ക്കറ്റിനു സമീപത്തെത്തി അങ്കമാലി – കുണ്ടന്നൂര്‍ ബൈപാസില്‍ എത്തും വിധമാണ് പുതിയ റോഡ്.യാത്രാസമയം കുറയും
ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയോടും പൊതുമരാമത്ത് വകുപ്പ് മന്ത്രിയോടും നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനമായത്. നിലവിൽ കോട്ടയത്തിനും കൊച്ചിക്കുമിടയിൽ പ്രതിദിനം വാഹകശേഷിയുടെ ഒമ്പതിരട്ടി വാഹനങ്ങളാണ് ഓടുന്നത്. തിരക്കേറിയ സമയങ്ങളിൽ ഈ റൂട്ടിൽ 60 കിലോമീറ്റർ യാത്ര ചെയ്യാൻ മൂന്ന് മണിക്കൂറിലധികം സമയമാണ് വേണ്ടിവരുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ പാതയെന്ന ആവശ്യം ശക്തമായത്.
ദേശീയപാത 183, 66 എന്നിവയെ ബന്ധിപ്പിച്ച് പുതിയ ഇടനാഴി നിർമിക്കണമെന്നാണ് മന്ത്രി നിതിൻ ഗഡ്കരിയോട് ഫ്രാൻസില്‍ ജോർജ് ആവശ്യപ്പെട്ടിരുന്നത്. കേന്ദ്ര സർക്കാരിൻ്റെ അനുമതി വാക്കാൽ ലഭിച്ചെങ്കിലും സംസ്ഥാനത്തിൻ്റെ ശുപാർശ വന്നാൽ മാത്രമേ ഇത് യാഥാർഥ്യമാവുകയുള്ളൂ. ഇതിനുള്ള നടപടികളാണ് നിലവിൽ പുരോഗമിക്കുന്നത്. പുതിയ പാത യാഥാർത്ഥ്യമാകുന്നതോടെ മധ്യകേരളത്തിലെ ഗതാഗത രംഗത്തിനും വ്യാപാര-വ്യവസായ മേഖലകൾക്കും പുത്തനുണർവുണ്ടാകും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവർക്ക് നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രയും ഇതിലൂടെ കൂടുതൽ എളുപ്പമാകും

