തൃശൂർ: വേനലവധിക്ക് ഒരു ട്രിപ്പ് പ്ലാനിടുന്നുണ്ടോ? എന്നാൽ നിങ്ങൾക്കായി കെഎസ്ആർടിസി ഏപ്രിൽ മാസം കരുതിവെച്ചിരിക്കുന്നത് ഒട്ടനേകം ടൂർ പാക്കേജുകളാണ്. കെഎസ്ആർടിസി തൃശൂർ ഡിപ്പോ ആണ് ഏപ്രിൽ മാസമുടനീളം വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ടൂർ പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്. നെല്ലിയാമ്പതി, മലക്കപ്പാറ, മാമലക്കണ്ടം, മൂന്നാർ, കാന്തല്ലൂർ, കുട്ടനാട്, രാമക്കൽമേട്, അഞ്ചുരളി, വട്ടവട, ഗവി, വാഗമൺ, സൈലൻ്റ് വാലി, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, നിലമ്പൂർ തേക്ക് മ്യൂസിയം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് പാക്കേജുകൾ.
ഏപ്രിൽ അഞ്ചുമുതൽ തൃശൂർ കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് ട്രിപ്പുകൾക്ക് തുടക്കമാകും. അഞ്ചിന് നെല്ലിയാമ്പതിയിലേക്കും മാംഗോ മെഡോസ് അഗ്രി തീം പാർക്കിലേക്കും ട്രിപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. നെല്ലിയാമ്പതി ട്രിപ്പിന് 600 രൂപയും മാംഗോ മെഡോസ് അഗ്രി തീം പാർക്ക് ട്രിപ്പിന് 1770 രൂപയുമാണ് ടിക്കറ്റ് നിരക്ക്. തൃശൂർ ഡിപ്പോയിൽനിന്ന് രാവിലെ ഏഴുമണിക്ക് നെല്ലിയാമ്പതിയിലേക്ക് പുറപ്പെട്ട് വൈകിട്ട് ഏഴുമണിക്ക് മടങ്ങിയെത്തുന്ന രീതിയിലാണ് ക്രമീകരണം. ആറിന് മലക്കപ്പാറ, മാമലക്കണ്ടം – മൂന്നാർ എന്നിവിടങ്ങളിലേക്കാണ് ടൂർ പോകുക. മലക്കപ്പാറയ്ക്ക് 600 രൂപയും മാമലക്കണ്ടം – മൂന്നാർ ട്രിപ്പിന് 940 രൂപയുമാണ് ടിക്കറ്റ് നിരക്ക്.