തിരുവനന്തപുരം: വെളിച്ചെണ്ണയുൾപ്പെടെ സപ്ലൈകോ വഴി നൽകുന്ന സബ്സിഡി സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി.
പി എസ് സുപാൽ എംഎൽഎയ്ക്ക് നൽകിയ മറുപടിയിലാണ് ഭക്ഷ്യ വകുപ്പുമന്ത്രി ജി ആർ അനിൽ ഇക്കാര്യം നിയമസഭയെ അറിയിച്ചത്. ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 339 രൂപയിൽ നിന്നും 319 ആയും ശബരി നോൺ സബ്സിഡി 389 രൂപയിൽ നിന്ന് 359 രൂപയായും കേര വെളിച്ചെണ്ണയുടെ വില 429 രൂപയിൽ നിന്നും 419 രൂപയായും കുറയ്ക്കും. തുവര പരിപ്പിന്റെ വില കിലോഗ്രാമിന് 93 രൂപയിൽ നിന്ന് 88 രൂപയായും ചെറുപയറിൻ്റെ വില 90 രൂപയിൽ നിന്ന് 85 രൂപയായും കുറയ്ക്കും. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.



