ചേരാനെല്ലൂർ: ചേരാനെല്ലൂരിൽ വീട്ടിൽ ലഹരി മരുന്ന് ശേഖരിച്ച് വില്പന നടത്തിയിരുന്ന യുവാവ് പിടിയിൽ. ചേരാനെല്ലൂർ വിഷ്ണുപുരം വാര്യത്ത് വീട്ടിൽ വിൻസ്റ്റൻ ചർച്ചിലിനെയാണ് പോലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് 2.48 ഗ്രാം എംഡിഎംഎ പോലീസ് ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. വീട്ടിലെ അലമാരയിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. വൻതോതിൽ മയക്കുമരുന്ന് ശേഖരിച്ച് ചെറിയ പാക്കറ്റുകളിൽ ആക്കിയാണ് വില്പന നടത്തിയിരുന്നത്. കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ആണ് മയക്കുമരുന്ന് നൽകിയിരുന്നത്. ഭാര്യയും കുടുംബവുമായി താമസിക്കുന്ന ഇയാൾ മറ്റുള്ളവർക്ക് സംശയം തോന്നാത്ത വിധം വീട്ടിൽ തന്നെയാണ് മയക്കുമരുന്ന് വിൽപ്പന.



