തിരുവനന്തപുരം: വിമാനയാത്രികർക്ക് 10 രൂപയ്ക്ക് ചായ ലഭിക്കുന്ന ഉഡാൻ യാത്രി കഫെ ഇനി തിരുവനന്തപുരം വിമാനത്താവളത്തിൽ. കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി റാം മോഹൻ നായിഡു കഫെ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആദ്യ ഉഡാൻ കഫെ ആണിത്. ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിലും ചാക്കയിലെ രാജ്യാന്തര ടെർമിനലിലും രണ്ട് കഫേകളാണ് തുറന്നത്. 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്നാക്സും ലഭിക്കും. തിരുവനന്തപുരത്തിനൊപ്പം അദാനി എയർപോർട്ട്സിന് കീഴിലുള്ള മംഗളൂരു, മുംബൈ, നവി മുംബൈ വിമാനത്താവളങ്ങളിലും ഉഡാൻ കഫെ തുടങ്ങി. തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിജി യാത്ര സേവനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ആഭ്യന്തര യാത്രക്കാർക്ക് വളരെ ലളിതമായി വിമാനത്താവളത്തിൽ പ്രവേശിക്കാനും ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കാനും സഹായിക്കുന്ന ഡിജിയാത്രക്കായി നാല് ഗേറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. ട്രയൽ ഓപ്പറേഷൻ കാലയളവിൽ ഏതാണ്ട് 21 ശതമാനം യാത്രക്കാർ ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. എയർപോർട്ടിലെ സേവനങ്ങൾക്കും കഫെയിലുമെല്ലാം അമിത നിരക്കാണെന്ന് നേരത്തെ വ്യാപക പരാതി ഉയർന്നിരുന്നു. എന്തായാലും 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കടിയും ലഭിക്കുമ്പോൾ ഇക്കാര്യത്തിലെ പരാതികൾക്ക് പരിഹാരമാകുമെന്നുറപ്പാണ്



