തിരുവനന്തപുരം: കേരളത്തിന്‍റെ വിനോദ സഞ്ചാര മേഖലയില്‍ നൂതനാശയങ്ങള്‍, സംരംഭകത്വം, സാങ്കേതികവിദ്യ എന്നിവയിലൂടെ പരിവര്‍ത്തനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ടൂറിസം വകുപ്പും ധാരണാപത്രം ഒപ്പുവെച്ചു. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രനും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബികയുമാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടത്.പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വിനോദസഞ്ചാര മേഖലയില്‍ നൂതനാശയങ്ങളുടെ മേധാവിത്തമുണ്ടാകുന്ന വിധത്തിലാണ് പദ്ധതികള്‍ നടപ്പിലാക്കുകയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായുള്ള ധാരണാപത്രത്തിലൂടെ അതിന് തുടക്കമിടുകയാണ്. സാങ്കേതികവിദ്യയും നൂതനാശയങ്ങളും കോര്‍ത്തിണക്കിക്കൊണ്ട് സ്റ്റാര്‍ട്ടപ്പുകളിലൂടെ ടൂറിസം മേഖലയുടെ കുതിപ്പിന്റെ വേഗത വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന ടൂറിസം മേഖലയുടെ ചരിത്രത്തിലെ പ്രധാന ചുവടുവെയ്പ്പുകളിലൊന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തെ പ്രധാന സ്റ്റാര്‍ട്ടപ്പ് ഹബ്ബായി കേരളം മാറിക്കൊണ്ടിരിക്കുന്നത് അഭിമാനനേട്ടമാണ്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് നിരവധി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ വളര്‍ത്തിക്കൊണ്ട് വരാന്‍ കേരളത്തിന് സാധിക്കുന്നുണ്ട്. ഗ്ലോബല്‍ ടൂറിസം ബ്രാന്‍ഡായ കേരള ടൂറിസം കാലാനുസൃത മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോയതിന്റെ ഫലമാണ് വിനോദസഞ്ചാര മേഖലയിലുണ്ടായ മുന്നേറ്റം. കേരളത്തിലേക്കെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട ഉത്പന്നങ്ങളിലൂടെ മികച്ച അനുഭവങ്ങള്‍ നല്കി മുന്നോട്ട് പോകാന്‍ സാധിക്കും. ലോകത്തെവിടെയുമുള്ള സഞ്ചാരികളുടെ വിരല്‍ത്തുമ്പില്‍ കേരളത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന വിധത്തില്‍ രാജ്യത്ത് ആദ്യമായി ഒരു ഇന്നവേഷന്‍ സെന്റര്‍ സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്ന് നടപ്പിലാക്കും. പുതിയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംരംഭകര്‍ ഈ മേഖലയിലേക്ക് വരണമെന്നും മന്ത്രി പറഞ്ഞു.