കാട്ടാക്കട: ഇംഗ്ലീഷ് ഭാഷ ഇനി അനായാസമാക്കാം. കുട്ടികളില്‍ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ പ്രാവീണ്യം നേടുന്നതിനുമായി വിദ്യാലയങ്ങളില്‍ ഗ്ലോബല്‍ ഓപ്പര്‍ച്യൂണിറ്റി ത്രു ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ (GOTEC) പദ്ധതിയ്ക്ക് തുടക്കമായി. കഴിഞ്ഞ വര്‍ഷം ജില്ലാ പഞ്ചായത്തിന് കീഴില്‍ വരുന്ന 78-സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി ഗോടെക് പദ്ധതി നടപ്പിലാക്കിയിരുന്നു.
പൂവച്ചല്‍ ജില്ലാ ഡിവിഷനില്‍ ഉള്‍പ്പെട്ട പൂവച്ചല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍, വീരണകാവ് ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍, കുളത്തുമ്മല്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍, നെയ്യാര്‍ഡാം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ തുടങ്ങിയ സ്‌കൂളുകളിലാണ് പദ്ധതിയുടെ പുതിയ ബാച്ച് ആരംഭിച്ചിരിക്കുന്നത്. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റുമാരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡിവിഷന്‍ അംഗം വി.രാധിക പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, പ്രഥമാധ്യാപകര്‍, ഇംഗ്ലീഷ് അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 5200-വിദ്യാര്‍ത്ഥികള്‍ക്കാണ് ഗോടെക് പദ്ധതിയുടെ പ്രയോജനം ലഭിച്ചിരിക്കുന്നത്. സ്‌ക്കൂളുകളിലെ 7, 8 ക്ലാസുകളിലെ ഇംഗ്ലീഷ് ക്ലബ്ബ് അംഗങ്ങളില്‍ നിന്നും 50- വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം ലഭിക്കുന്നത്. കൂടാതെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിയോഗിച്ച റിസോഴ്‌സ് അദ്ധ്യാപകര്‍ വിദ്യാലയങ്ങളിലെത്തി പരിപോഷണത്തിന് വേണ്ട നിര്‍ദ്ദേശങ്ങളും ക്ലാസ്സുകളും നല്‍കുന്നു. പരിശീലനവും നിശ്ചിത ക്ലാസ്സുകളും ലഭിക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.



