കൊച്ചി: വിദേശരാജ്യങ്ങളിൽ ഹിറ്റായ ലൈറ്റ് ട്രാം പദ്ധതി കേരളത്തിലേക്ക് എത്തിക്കാൻ ശ്രമം. ഇതുമായി ബന്ധപ്പെട്ട പദ്ധതിക്ക് അനുമതി തേടി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സർക്കാരിനെ സമീപിക്കാൻ ഒരുങ്ങുകയാണ്. പദ്ധതിയുടെ സാദ്ധ്യതാ പഠനം നടത്തുന്നതിന് കെഎംആർഎൽ ഡയറക്ടർ ബോർഡ് അനുമതി നൽകിയിട്ടുണ്ട്. കേരളത്തിൽ കൊച്ചിയാണ് ആദ്യമായി പരിഗണിക്കുന്ന നഗരം. കൊച്ചിയിലെ വിവിധ മേഖലകളെ പരസ്പരം ബന്ധിപ്പിച്ചാണ് ലൈറ്റ് ട്രാം പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി പദ്ധതി നിർദ്ദേശം ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും. സാദ്ധ്യതാ പഠനം നടത്താൻ കേന്ദ്രത്തിന്റെ സഹായം ആവശ്യമുണ്ട്. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ സാദ്ധ്യതാ പഠനത്തിനായി കേന്ദ്രത്തിന് അയക്കാൻ സാധിക്കൂ. ഈ പഠനത്തിലാണ് വിശദമായ പദ്ധതി രൂപരേഖയെല്ലാം തയ്യറാക്കുക. എംജി റോഡ് മെട്രോ സ്റ്റേഷൻ മുതൽ തേവര, ഹൈക്കോടതി ജംഗ്ഷൻ, മേനക, ജോസ് ജംഗ്ഷൻ വഴി 6.2 കിലോമീറ്റർ ദൂരത്തിൽ സർവീസ് നടത്താൻ കഴിയുമെന്നാണ് പ്രാഥമിക വിലയിരുത്തലുകളിൽ കരുതുന്നത്. ലൈറ്റ് ട്രാം ഓസ്ട്രേലിയയിലെ ബ്രിസ്ബേൻ ഉൾപ്പെടെയുള്ല നഗരങ്ങളിൽ ലൈറ്റ് ട്രാമുകൾ നടപ്പിലാക്കിയിട്ടുള്ല ഹെസ് ഗ്രീൻ മൊബിലിറ്റിയുടെ ഒരു പ്രതിനിധി സംഘം കഴിഞ്ഞ വർഷം കെഎംആർഎല്ലുമായി ചർച്ച
നടത്തുന്നതിനും പദ്ധതിക്കായി സാദ്ധ്യതയുള സ്ഥലങ്ങൾ വിലയിരുത്തുന്നതിനുമായി കൊച്ചിയിൽ എത്തിയിരുന്നു. ഇതിനുശേഷമാണ്, സാദ്ധ്യതാ പഠനം നടത്തുന്നതിന് ഔദ്യോഗികമായി അനുമതി തേടാൻ കെഎംആർഎൽ തീരുമാനിച്ചത്. റോഡ് നിരപ്പിലോ, ഭൂഗർഭത്തിലോ, മെട്രോയ്ക്ക് സമാനമായ ഉയർന്ന ട്രാക്കുകളിലോ പ്രവർത്തിക്കാൻ കഴിയുമെന്നതാണ് ലൈറ്റ് ട്രാം സംവിധാനത്തിന്റെ പ്രധാന ഗുണങ്ങളിലൊന്ന്. മെട്രോ സർവീസ് ഇല്ലാത്ത സ്ഥലങ്ങളിലേക്ക് സർവീസ് ഉദ്ദേശിച്ചാണ് കൊച്ചിയിൽ ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കാൻ തീരുമാനിക്കുന്നതിന് പിന്നിലെ കാരണം. പരമ്പരാഗത ട്രാം സർവീസുകൾക്ക് സമാനമായി, ഓരോ ലൈറ്റ് ട്രാമിലും മൂന്ന് കോച്ചുകൾ ഉണ്ടായിരിക്കും. ആകെ 25 മീറ്റർ നീളവും 240 യാത്രക്കാരെ വരെ വഹിക്കാനുള ശേഷിയുമുണ്ടാകും. മെട്രോ സംവിധാനങ്ങളെ അപേക്ഷിച്ച് നിർമ്മാണച്ചെലവ് വളരെ കുറവാണെന്നതാണ് മറ്റൊരു പ്രധാന ഗുണം.