തിരുവനന്തപുരം: വായ്പ വിതരണത്തില്‍ മികച്ച നേട്ടവുമായി കേരള ബാങ്ക്. വായ്പ വിതരണത്തില്‍ 50,000 കോടി രൂപ കടന്നും വായ്പ-നിക്ഷേപ അനുപാതം 75 ശതമാനം കൈവരിച്ചുമാണ് കേരള ബാങ്കിന്റെ നേട്ടം. വ്യക്തികളും പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളും ഉള്‍പ്പെട്ട ഉപഭോക്താക്കള്‍ക്ക് 50,000 കോടി രൂപയുടെ വായ്പ ഇതിനകം വിതരണം ചെയ്തെന്ന് മന്ത്രി വി.എന്‍. വാസവന് അറിയിച്ചു.
ആകെ വായ്പയില്‍ 25 ശതമാനം കാര്‍ഷിക മേഖലയിലും 25 ശതമാനം പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്കുമാണ് നല്‍കിയത്. ചെറുകിട സംരംഭക മേഖലക്ക് മാത്രം മൊത്തം വായ്പയുടെ 12.30 ശതമാനം വായ്പ നല്കി. കേരളത്തിലെ ആകെ ബാങ്ക് വായ്പയുടെ 8.42 ശതമാനം കേരള ബാങ്ക് വഴി നല്കുന്ന വായ്പകളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ 33 സംസ്ഥാന സഹകരണ ബാങ്കുകളില്‍ 50,000 കോടി വായ്പ ബാക്കി നില്പ് പിന്നിട്ട ആദ്യ ബാങ്കും കേരള ബാങ്കാണ്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 45 ബാങ്കുകളില്‍ വായ്പ ബാക്കിനില്പ് 50,000 കോടിക്ക് മുകളിലെത്തിയ അഞ്ച് ബാങ്കുകളുടെ പട്ടികയിലും കേരള ബാങ്ക് ഇടം നേടി. കേരളം ആസ്ഥാനമായ ബാങ്കുകളില്‍ വായ്പ ബാക്കിനില്പില് രണ്ടാംസ്ഥാനം കേരള ബാങ്കിനാണ്.
നിലവില്‍ നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്നത് കേരള ബാങ്കാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് 8.75 ശതമാനം പലിശ ലഭ്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍, സി.ഇ.ഒ ജോര്‍ട്ടി എം. ചാക്കോ, വി. രവീന്ദ്രന്, അഡ്വ. എസ്. ഷാജഹാന്, ബി.പി. പിള്ള, റോയ് എബ്രഹാം, എ.ആര്. രാജേഷ് എന്നിവരും പങ്കെടുത്തു.



