ദില്ലി : ദില്ലിയിലെയും സമീപ പ്രദേശങ്ങളിലെയും വായു മലിനീകരണം കണക്കിലെടുത്ത് നടപ്പിലാക്കിയ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് -4 പിൻവലിക്കാമെന്ന് സുപ്രീംകോടതി. വായുമലിനീകരണ തോതിൽ കുറവ് രേഖപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ നിർദേശം. ദില്ലി-എൻസിആർ മേഖലകളിലെ അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട വിഷയത്തിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി. കഴിഞ്ഞ ഒരു മാസമായി നഗരത്തിൽ തുടർച്ചയായ വായു മലിനീകരണമാണ് അനുഭവപ്പെട്ടിരുന്നത്. പലയിടങ്ങളിലും നേരത്തെ രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക 700നും മുകളിലായിരുന്നു. കാഴ്ചാപരിധി 200 മീറ്ററിൽ താഴെയായി കുറഞ്ഞ ദിവസങ്ങളും ഉണ്ടായി.
അതേ സമയം വിഷയത്തെ രാഷ്ട്രീയമായി നേരിടുകയായിരുന്നു ദില്ലി മുഖ്യമന്ത്രി ആതിഷി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് കൂടിയെന്നും മലിനീകരണത്തിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ വായു മലിനീകരണത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്ന് പഞ്ചാബിലും ഹരിയാനയിലും വൈക്കോൽ കത്തിക്കുന്നതാണെന്നും നെല്ലിൻ്റെ അവശിഷ്ടങ്ങൾ മൃഗങ്ങളുടെ തീറ്റയ്ക്കും വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരികയാണെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പാർലമെൻ്റംഗങ്ങളോട് പറഞ്ഞു.