Tuesday, December 23, 2025
No menu items!
Homeവാർത്തകൾവഴക്കിനിടെ തെറ്റായി പറഞ്ഞ വാക്ക്; വനിതാ കമ്മീഷൻ അദാലത്തിൽ തെറ്റ് തിരുത്തി ദമ്പതികൾ സന്തോഷത്തോടെ മടങ്ങി

വഴക്കിനിടെ തെറ്റായി പറഞ്ഞ വാക്ക്; വനിതാ കമ്മീഷൻ അദാലത്തിൽ തെറ്റ് തിരുത്തി ദമ്പതികൾ സന്തോഷത്തോടെ മടങ്ങി

തിരുവനന്തപുരം: തമ്മിൽ വഴക്കുകൂടിയ സമയത്ത് ഭർത്താവ് ഉപയോഗിച്ച തെറ്റായ ഒരു വാക്ക് വഴിവച്ചത്  മാസങ്ങൾ നീണ്ട ദാമ്പത്യ വഴക്കിലേക്കും ഡിവോഴ്സിലേക്കുമടക്കം. ഒടുവിൽ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്താനും ക്ഷമ പറയാനും ഭർത്താവ് തയ്യാറായതോടെ ദമ്പതികൾ ഒത്തൊരുമിച്ചു മടങ്ങി. കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാതല അദാലത്ത് വേദിയിലാണ് ദമ്പതികൾ ഒരുമിച്ചത്. നിസാരമായ കാര്യത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ആയിരുന്നു തെറ്റായ പദപ്രയോഗം ഉണ്ടായത്. വനിതാ കമ്മീഷന് മുന്നിൽ പരാതിയെത്തിയപ്പോൾ ഇരുകൂട്ടരേയും വിളിച്ചുവരുത്തി കൗൺസലിംഗ് നൽകുകയായിരുന്നു. കൗൺസലിംഗിലൂടെ ഇത്തരത്തിലുള്ള രണ്ട് കേസുകളാണ് പരിഹരിക്കാൻ കഴിഞ്ഞതെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി പറഞ്ഞു. രണ്ടാമത്തെ കേസിൽ മദ്യപാനമായിരുന്നു വില്ലൻ. തൊഴിലിടത്തെ ലൈംഗിക അതിക്രമങ്ങൾക്കെതിരായും പരാതികൾ ലഭിക്കുന്നുണ്ട്. ഇൻ്റേണൽ കമ്മിറ്റികൾ കൂടുതൽ സ്ഥാപനങ്ങളിൽ രുപീകരിക്കുന്നുണ്ടെങ്കിലും അവയുടെ പ്രവർത്തനം സംബന്ധിച്ച് പരാതികളുണ്ട്. ലഭിക്കുന്ന പരാതികളിൻമേലുള്ള അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിക്കാതെ നീട്ടിക്കൊണ്ടു പോകുകയാണ് ഇൻ്റേണൽ കമ്മിറ്റികളെന്നാണ് ആക്ഷേപം. ഇക്കാര്യം വനിതാ കമ്മീഷൻ പരിശോധിക്കും. അയൽക്കാർ തമ്മിലുള്ള സ്വത്ത് തർക്കങ്ങളും കേസുകളും തിരുവനന്തപുരം ജില്ലയിൽ കൂടി വരുന്നതായും അഡ്വ. സതീദേവി പറഞ്ഞു.

വഴി, മതിൽ തുടങ്ങി മരത്തിൻ്റെ ഇല വീഴുന്നതുവരെ തർക്കങ്ങൾക്കും കേസുകൾക്കും കാരണമാവുന്നുണ്ട്. വീട്ടുകാർക്ക് ഇഷ്ടമില്ലാത്ത വിവാഹം കഴിച്ചതിൻ്റെ പേരിൽ  സഹോദരിക്ക് കുടുംബസ്വത്തിൽ അവകാശം നിഷേധിക്കുന്നത് സംബന്ധിച്ച പരാതിയും പരിഗണനയ്ക്കെത്തി. അതുപോലെ സ്ത്രീകൾക്കിടയിലുള്ള പണമിടപാട് സംബന്ധിച്ച പരാതികളും വർധിക്കുകയാണ്. മൂന്ന് ഇടപാടുകളിൽ പണം നൽകി പറ്റിക്കപ്പെട്ടതായ കേസും പരിഗണനയ്ക്ക് വന്നിരുന്നു. വായ്പ ലഭ്യമാകാൻ യഥേഷ്ടം അംഗീകൃത വഴികൾ ഉണ്ടെന്നിരിക്കേ, ഒരു രേഖയും ഇല്ലാത്ത ഇടപാടുകളിൽ  ചെന്നുപെടാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും വനിതാ കമ്മീഷൻ ചെയർപേഴ്സൺ പറഞ്ഞു. തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടന്ന അദാലത്തിൽ 150 കേസുകൾ പരിഗണിച്ചു. 21 കേസുകൾ പരിഹരിച്ചു. 11 കേസുകളിൽ റിപ്പോർട്ട് തേടിയപ്പോൾ രണ്ടെണ്ണം കൗൺസിലിംഗിനയച്ചു. 116 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി, അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, വി.ആർ. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ എന്നിവർ നേതൃത്വം നൽകി. ഡയറക്ടർ ഷാജി സുഗുണൻ, സി.ഐ. ജോസ് കുര്യൻ, കൗൺസിലർ കവിത എന്നിവരും പരാതികൾ പരിഗണിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments