തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന് നടക്കും. മൂന്നിടത്തും നവംബര്‍ 23നാണ് വോട്ടെണ്ണല്‍. കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ പത്രിക സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 25 ആണ്. സൂക്ഷ്മ പരിശോധന 28ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 30 ആണ്. അതേസമയം പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കല്‍പ്പാത്തി രഥോത്സവം നടക്കുന്ന സാഹചര്യത്തിലാണ് വോട്ടെടുപ്പ് മാറ്റണമെന്ന കോണ്‍ഗ്രസിന്റെ അഭ്യര്‍ഥന.
വയനാട്ടില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയാകും. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാവുമെന്നാണ് സൂചന. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും മുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.



