മേപ്പാടി: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായ നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.രക്ഷൗദാത്യ സംഘവും സന്നദ്ധപ്രവർത്തകരും ചേർന്ന് നടത്തിയ തെരച്ചിലില്‍ സൂചിപ്പാറ – കാന്തൻപാറ ഭാഗത്തുനിന്നാണ് നാല് മൃതദേഹങ്ങളും കണ്ടെത്തിയത്. മൃതദേഹങ്ങള്‍ എയർലിഫ്റ്റ് ചെയ്യും.
ദുരന്തം നടന്ന് പതിനൊന്നാം ദിവസത്തിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഇതോടെ ആകെ മരണം 408 ആയി. ഇനിയും നൂറിലധികം പേരെ കണ്ടെത്താനുണ്ട്. ആറ് സോണുകളായി തിരിച്ചാണ് ഇന്ന് പരിശോധന നടത്തുന്നത്. ഇതില്‍ ഏറ്റവും പ്രയാസകരമായ മേഖലയാണ് സൂചിപ്പാറ – കാന്തൻപാറ. സുല്‍ത്താന്‍ ബത്തേരിയിലേക്കാകും മൃതദേഹങ്ങള്‍ കൊണ്ടുവരികയെന്നാണ് സൂചന. തുടര്‍ന്ന് ഇന്‍ക്വസ്റ്റ്, ഡിഎന്‍എ പരിശോധനകള്‍ നടത്തും. തിരിച്ചറിയല്‍ സാധ്യമാകുമോയെന്നും പരിശോധിക്കും. ഈ മേഖലയില്‍ കൂടുതല്‍ തിരച്ചില്‍ നടത്തേണ്ടതുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.