ആരായിരിക്കും അടുത്ത മാർപാപ്പ? കത്തോലിക്ക സഭയിൽ മാത്രമല്ല, ആഗോള സമൂഹം തന്നെ ചോദിക്കുന്ന ചോദ്യമാണ് ഇത്. സഭാ നിയമം അനുസരിച്ച് ഒരു മാർപാപ്പ മരിക്കുകയോ ബെനഡിക്ട് 16ാമൻ മാർപാപ്പ ചെയ്തതുപോലെ സ്ഥാനമൊഴിയുകയോ ചെയ്താൽ പേപ്പൽ കോൺക്ലേവ് ചേർന്നാണ് പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്നത്. സഭയിലെ കർദിനാൾമാരാണ് വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ നടക്കുന്ന ഈ കോൺക്ലേവിൽ പങ്കെടുക്കുന്നത്. 80 വയസ്സിൽ താഴെയുള്ള കർദിനാൾമാർക്കാണ് വോട്ടവകാശം. അതിനാൽ, നിലവിലെ 252 കർദിനാൾമാരിൽ 138 പേർക്കാണ് മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള രഹസ്യ ബാലറ്റിൽ പങ്കെടുക്കാൻ അർഹതയുള്ളത്. മാർപാപ്പയുടെ മരണമോ സ്ഥാനത്യാഗമോ സംഭവിച്ച് 15 മുതൽ 20 വരെ ദിവസങ്ങൾക്ക് ശേഷമാണ് കോൺക്ലേവ് വിളിച്ചുചേർക്കുന്നത്. കാനോൻ നിയമപ്രകാരം ജ്ഞാനസ്നാനം സ്വീകരിച്ച ഏത് റോമൻ കത്തോലിക്കാ പുരുഷനും മാർപാപ്പ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാൻ യോഗ്യതയുണ്ട്. എന്നാൽ, 1378 മുതൽ, കർദിനാൾ പദവിയിലുള്ളയാളെ മാത്രമാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഒരു കർദിനാളിന് മൂന്നിൽ രണ്ട് വോട്ട് ലഭിക്കുന്നതുവരെ വോട്ടെടുപ്പ് തുടരും. ഓരോ ദിവസവും രാവിലെയും വൈകീട്ടുമായി രണ്ടുവീതം വോട്ടെടുപ്പാണ് നടക്കുക. ഓരോ വോട്ടെടുപ്പിനുശേഷവും ബാലറ്റുകൾ കൂട്ടിയിട്ട് കത്തിക്കും. ചാപ്പലിന്റെ പുകക്കുഴലിലൂടെ കറുത്ത പുകയാണ് വരുന്നതെങ്കിൽ തീരുമാനമായിട്ടില്ലെന്നാണ് അർഥം. വെളുത്ത പുകയാണ് വരുന്നതെങ്കിൽ മാർപാപ്പയെ തെരഞ്ഞെടുത്തു എന്നാണ് സൂചിപ്പിക്കുന്നത്. ബാലറ്റിൽ പ്രത്യേകതരം രാസവസ്തു ചേർത്താണ് വെളുത്ത പുക സൃഷ്ടിക്കുന്നത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോലിൻ, യൂറോപ്പിലെ ബിഷപ്സ് കോൺഫറൻസ് കൗൺസിൽ മുൻ അധ്യക്ഷൻ കർദിനാൾ പീറ്റർ എർദോ, ഫിലിപ്പീൻസിൽനിന്നുള്ള കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ, ഇറ്റലിയിലെ എപ്പിസ്കോപ്പൽ കോൺഫറൻസ് പ്രസിഡന്റ് കർദിനാൾ മറ്റിയോ സുപ്പി, അമേരിക്കക്കാരനായ കർദിനാൾ റെയ്മണ്ട് ലിയോ ബുർക്കെ എന്നിവർക്കാണ് സാധ്യത പറയുന്നത്.



