Wednesday, November 26, 2025
No menu items!
Homeവാർത്തകൾലേസര്‍ ലൈറ്റുകള്‍ മിന്നുന്ന ബസില്‍ ഉച്ചത്തില്‍ പാട്ട് വച്ച് വിദ്യാര്‍ഥികളുടെ ഡാന്‍സ്; സ്വമേധയാ കേസെടുത്ത്...

ലേസര്‍ ലൈറ്റുകള്‍ മിന്നുന്ന ബസില്‍ ഉച്ചത്തില്‍ പാട്ട് വച്ച് വിദ്യാര്‍ഥികളുടെ ഡാന്‍സ്; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

എറണാകുളം: ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍ കാബിനിലെ വ്‌ലോഗ് ചിത്രീകരണത്തിനെതിരെ കര്‍ശന നടപടി വേണമെന്നു ഹൈക്കോടതി. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുടെ ഉപയോഗം, നിയമവിരുദ്ധമായ രൂപമാറ്റം എന്നിവയ്‌ക്കെതിരെയും നടപടിയെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും ഗതാഗത കമ്മീഷണര്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി. വാഹനങ്ങളുടെ അനധികൃത രൂപമാറ്റം സൃഷ്ടിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ സംബന്ധിച്ചു സ്വമേധയാ എടുത്ത കേസിലാണ് കോടതി ഉത്തരവ്.

നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട വിഡിയോകള്‍ കോടതി പരിശോധിച്ചു. ഡ്രൈവര്‍ കാബിനില്‍ വിഡിയോ ചിത്രീകരിച്ച് അലക്ഷ്യമായി പോകുന്ന ചരക്കു ലോറിയ്ക്കു പിന്നില്‍ യാത്രാ ബസും മറ്റൊരു ലോറിയും ഇടിച്ച് വലിയ അപകടമുണ്ടാകുന്നതിന്റെ വിഡിയോ ദൃശ്യമുള്‍പ്പെടെയുള്ളവ കോടതി കണ്ടു. വലിയ ശബ്ദത്തില്‍ പാട്ടുവച്ച് ലേസര്‍ ലൈറ്റുകള്‍ മിന്നുന്ന ബസില്‍ വിദ്യാര്‍ഥികള്‍ നൃത്തം ചെയ്തു വിനോദ യാത്ര പോകുന്നതും കോടതി കണ്ട ദൃശ്യങ്ങളിലുണ്ട്.
രൂപമാറ്റം വരുത്തിയ റിക്കവറി വാനില്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നതും എല്‍ഇഡി പാനലുകളുടെ നിര്‍മാണ സംവിധാനവുമെല്ലാം കണ്ടു. ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത കമ്മീഷണര്‍ക്കും വിദ്യാഭ്യാസ വകുപ്പിനും നിര്‍ദ്ദേശം നല്‍കി. അനധികൃത ലൈറ്റുകള്‍ ഓരോന്നിനും 500 രൂപ വീതം പിഴയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വിഡിയോയില്‍ കണ്ട വിനോദ യാത്ര ഏത് സ്‌കൂളിന്റേതാണെന്ന വിശദാംശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് അറിയിക്കണം. കോടതി പരിശോധിച്ച വിഡിയോകള്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുക്കാന്‍ രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കി. ഹര്‍ജി രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments